
ഒരു ഇന്ത്യൻ-കനേഡിയൻ നടി, മോഡൽ, ടെലിവിഷൻ അവതാരക, മനുഷ്യസ്‌നേഹി, സാമൂഹിക പ്രവർത്തക... എന്നീ നിലകളിലൊക്കെ പ്രേക്ഷകര്‍ക്ക് പരിചിതയായ സെലിബ്രിറ്റിയാണ് ലിസ റേ. തൊണ്ണൂറുകളില്‍ ബോംബെ ഡൈയിംഗ് , ലാക്മേ തുടങ്ങിയ മുൻനിര ഇന്ത്യൻ ബ്രാൻഡുകളുടെ പരസ്യചിത്രങ്ങളില്‍ ലിസയുടെ മുഖം തെളിഞ്ഞു നിന്നിരുന്നു. കസൂര്‍ എന്ന ചിത്രത്തിലൂടെ താരം ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീടിങ്ങോട്ട് ചുരുക്കം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് താരത്തിന് രക്താർബുദത്തിന്റെ വകഭേദമായ മള്‍ട്ടിപ്പിള്‍ മൈലോമയുണ്ടെന്ന് തിരിച്ചറിഞ്ഞത്. 2009 ല്‍ രോഗം സ്ഥിരീകരിച്ചു, പിന്നീട് രോഗത്തെ അതിജീവിച്ച് മൂന്നു വർഷങ്ങള്‍ക്കുശേഷം 2012-ല്‍ വീണ്ടും അർബുദം ബാധിച്ചു. തുടർന്നുണ്ടായ ശക്തമായ കീമോതെറാപ്പി ചികിത്സകള്‍ കാരണം മുപ്പത്തിയേഴാം വയസ്സില്‍ നേരത്തേയുള്ള ആർത്തവവിരാമം ഉണ്ടായി. കാൻസറിനെതിരായ പോരാട്ടത്തെ കുറിച്ച് നിരന്തരം പറഞ്ഞാണ് ലിസ റേ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നത്.
ഇപ്പോഴിതാ അർബുദമാണെന്ന് അറിഞ്ഞപ്പോൾ താന്‍ പ്രതികരിച്ചത് എങ്ങനെയാണെന്ന് പറയുകയാണ് ലിസ റേ. അന്ന് അർബുദ വിവരം വെളിപ്പെടുത്തരുതെന്ന് ഒരുപാട് പേർ തന്നെ ഉപദേശിച്ചിരുന്നതായും എന്നാൽ അത് സ്വകാര്യമായി സൂക്ഷിക്കാൻ മനസ്സു അനുവദിച്ചില്ലെന്നും താരം തുറന്നു പറഞ്ഞു.
‘‘ഡോക്ടര്‍ എന്നോട് അക്ഷരാര്‍ത്ഥത്തില്‍ തന്നെ നിനക്ക് അഞ്ച് വര്‍ഷമേയുള്ളൂ എന്ന് പറഞ്ഞതാണ്. എനിക്ക് സ്റ്റാറ്റിസ്റ്റിക്‌സും ഡാറ്റയും കാണിച്ചു തന്നു. അദ്ദേഹം അത് കാണിച്ചു തരുമ്പോഴേക്കും എന്റെ ആത്മാവ് അവിടെ നിന്നും ഇറങ്ങിപ്പോയെന്ന് തോന്നി. അല്‍പ്പമൊക്കെ ഡിലൂഷന്‍ നല്ലതാണ്. എന്തൊക്കെ സ്റ്റാറ്റിസ്റ്റിക്‌സ് ആണെങ്കിലും, എനിക്ക് ലഭിച്ചിരുന്ന സിഗ്നലുകള്‍ ഞാന്‍ വിശ്വസിച്ചില്ല.
രോഗം സ്ഥിരീകരിച്ചപ്പോള്‍ എനിക്കിത് വന്നത് എന്തുകൊണ്ടെന്ന് ചിന്തിച്ചു നിരാശ തോന്നിയില്ല. സാരമില്ല, മറിച്ച് ഇതിലൂടെ കടന്നു പോകണമെന്നും അതത്ര എളുപ്പമായിരിക്കില്ലെന്നുമാണ് ചിന്തിച്ചത്. ഈ കഠിനമായ അവസ്ഥയിലൂടെ കടന്നുപോകാൻ മാനസികമായി തയ്യാറെടുക്കണമെന്നായിരുന്നു മനസ്സില്‍.
എനിക്ക് ഏറ്റവും മികച്ച മോഡല്‍ ആകണമായിരുന്നു. അതിനാല്‍ ഞാന്‍ മണിക്കൂറുകളോളം ജോലി ചെയ്തു. സുഖമില്ലാതായാല്‍ അവര്‍ സെറ്റിലേക്ക് ഡോക്ടറെ അയക്കും. ഒരു ഇഞ്ചക്ഷന്‍ തരും. ഞാന്‍ വീണ്ടും ജോലി ചെയ്യും. മറ്റ് മോഡലുകളുമായി ഞാന്‍ മത്സരത്തിലായിരുന്നു. അതിനാല്‍ തന്നെ മറ്റ് പെണ്‍കുട്ടികളുമായി എനിക്ക് സൗഹൃദവുമില്ലായിരുന്നു. എന്നാല്‍ കാന്‍സര്‍ എന്റെ ഉള്ളിലെ പെര്‍ഫെക്ടായിരിക്കുക എന്ന് ചിന്ത എടുത്തു കളഞ്ഞു. ഇനി അഞ്ചുവർഷം മാത്രമേ ജീവിച്ചിരിക്കൂ എന്ന് കണക്കുകള്‍ മുൻനിർത്തി ഡോക്ടർ പറഞ്ഞപ്പോഴും ഭയം പൂർണ്ണമായി എന്നെ ബാധിക്കാൻ അനുവദിച്ചില്ല. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്തത് ഈ ഘട്ടത്തില്‍ വലിയ ആശ്വാസമായി. അർബുദത്തിന് ശേഷമാണ് ഭക്ഷണത്തോടുള്ള കാഴ്ചപ്പാട് മാറിയത്. മോഡലിങ് സമയത്ത് ഭക്ഷണത്തോട് അകലം പാലിച്ചിരുന്ന ഞാന്‍ പിന്നീട് പോഷകസമ്പന്നമായ ആഹാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.
രോഗത്തേക്കുറിച്ച് ഒരിക്കലും ആരോടും തുറന്നുപറയരുതെന്ന് പലരും ഉപദേശിച്ചിരുന്നു. എന്നാല്‍, അത്തരം ഉപദേശങ്ങള്‍ ഇക്കാര്യം പരസ്യമാക്കാന്‍ കൂടുതല്‍ പ്രേരിപ്പിക്കുകയാണ് ചെയ്തത്. കാന്‍സര്‍ സംബന്ധിച്ച് ഇപ്പോഴും ഇത്ര നാണക്കേട് തുടരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഞാന്‍ എന്തു തെറ്റാണ് ചെയ്തത്? എന്തിനാണ് രോഗമുണ്ടെന്നു കരുതി നാണക്കേട് തോന്നുന്നത്? രോഗവിവരം തുറന്നുപറയാന്‍ തീരുമാനിച്ചതാണ് ജീവിതത്തില്‍ ഏറ്റവും ആശ്വാസം പകര്‍ന്ന കാര്യം. തുടര്‍ച്ചയായുള്ള ചികിത്സയും കീമോതെറാപ്പിയും കാരണം മുപ്പത്തിയേഴാം വയസില്‍ തന്നെ ആര്‍ത്തവ വിരാമമുണ്ടായി. ചികിത്സയിലൂടെ ജീവൻ രക്ഷിക്കാനാവുമെങ്കിലും പ്രത്യുത്പാദനശേഷി നഷ്ടപ്പെടുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു....’’ ലിസ റേ പറഞ്ഞു. പല ക്യാന്‍സര്‍ രോഗികളും താരത്തിന്റെ വാക്കുകള്‍ തങ്ങള്‍ക്ക് പ്രചോദനമായി മാറിയിട്ടുണ്ടെന്നും കമന്റുകളില്‍ കുറിച്ചിട്ടുണ്ട്.






