
മിമിക്രി വേദികളിലൂടെ തുടക്കം കുറിച്ച് ബിഗ് സ്ക്രീനില്‍ ഹാസ്യവേഷങ്ങള്‍ ചെയ്ത് പിന്നീട് വില്ലന്‍, സീരിയസ് കഥാപാത്രങ്ങള്‍ ചെയ്ത് സ്വഭാവ നടനായി ഉയര്‍ന്ന താരമാണ് സുരാജ് വെഞ്ഞാറമുട്. കോമഡി മാത്രമല്ല സീരിയസ് കഥാപാത്രങ്ങളും തനിക്കിണങ്ങുമെന്നും തന്റെ കൈയില്‍ ഭദ്രമാണെന്നും സുരാജ് ചുരുക്കം സിനിമകളിലൂടെ തന്നെ തെളിയിച്ചു. ഇന്ന് മലയാള സിനിമയില്‍ മാത്രമല്ല തമിഴിലും നിരവധി ആരാധകരുള്ള താരമാണ് സുരാജ്. ഇതരഭാഷാ സിനിമകളിലും മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച് മുന്നേറുകയാണ് താരം.
ഇപ്പോഴിതാ ഒരു വേദിയില്‍ വച്ച് മമ്മൂട്ടിയെ കുറിച്ച് സുരാജ് വെഞ്ഞാറമൂട് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. തുടക്കകാലം മുതല്‍ മമ്മൂട്ടിയുമായി വലിയൊരു ആത്മബന്ധം സുരാജിനുണ്ട്. ഒരു കാലത്ത് മമ്മൂട്ടിയുടെ മിക്ക സിനിമകളിലും കോമഡി കഥാപാത്രമായി സുരാജ് കൈയടി നേടിയിട്ടുണ്ട്. മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കാതെയായിട്ട് കുറച്ചു നാളായെന്നും ഒരു വേഷം തരണമെന്നും ചെറിയൊരു വേഷമാണെങ്കിലും താൻ അത് ചെയ്യുമെന്നുമാണ് സുരാജ് പറയുന്നത്.
‘‘മമ്മൂക്കയോട് പബ്ലിക്കായി ഒരു കാര്യം പറയാനുണ്ട്. ഇത്രയും ആള്‍ക്കാരുടെ മുന്നില്‍ വച്ച് പറഞ്ഞില്ലെങ്കില്‍ ശരിയാവില്ല. മമ്മൂക്കയും ഞാനും ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷേ കുറച്ചു കാലങ്ങളായിട്ട് ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്തിട്ടില്ല. ഞാനിവിടെ ഉണ്ടെന്ന് പറഞ്ഞ് ഇടയ്ക്ക് ഇടയ്ക്ക് ഫോണ്‍ വിളിച്ച് പറയാറുണ്ട്. അടുത്തിടെ അദ്ദേഹം വിളിച്ച് ഒരു വേഷമുണ്ടെന്ന് പറഞ്ഞു. ഞാന്‍ ഭയങ്കരമായിട്ട് സന്തോഷിച്ചു. ഞാന്‍ ആവേശത്തില്‍ പറഞ്ഞു, മമ്മൂക്ക.. മമ്മൂക്കയും ഞാനും കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കുന്ന വേഷം തന്നെ വേണമെന്ന് പറഞ്ഞു.
‘കട്ടയ്ക്ക് നില്‍ക്കാന്‍ നീ ആര് മോഹന്‍ലാലാ...’എന്നാണ് അദ്ദേഹം ചോദിച്ചത്. ‘ഒരു വേഷം ഉണ്ട് നീ വന്ന് വേണമെങ്കില്‍ ചെയ്യ്. പിന്നെ എന്റെ പടം ആണെന്ന് കരുതി അധികം കാശൊന്നും പ്രതീക്ഷിക്കണ്ട. ചെറിയൊരു കമ്പനിയാണ് നിര്‍മിക്കുന്ന’തെന്ന് മമ്മൂക്ക പറഞ്ഞു. ഞാന്‍ ചോദിച്ചു, ‘അതേത് കമ്പനി ?’ മമ്മൂട്ടി കമ്പനി എന്നായി മറുപടി. മമ്മൂട്ടി കമ്പനി ചെറിയ കമ്പനിയെന്ന്. നിങ്ങള്‍ മനസിലാക്കേണ്ടത് ഈസ്റ്റ് ഇന്ത്യ കമ്പനിയെക്കാള്‍ വലിയ കമ്പനിയാണ് മമ്മൂട്ടി കമ്പനി. അതിങ്ങനെ വളര്‍ന്നോണ്ട് ഇരിക്കുകയാണ്. എന്തായാലും പബ്ലിക്കായിട്ട് ഞാന്‍ ചാന്‍സ് ചോദിച്ചിരിക്കുകയാണ്. ഏത് ചെറിയ വേഷമാണെങ്കിലും ഞാന്‍ ചെയ്യും...’’ എന്നാണ് മമ്മൂട്ടി പങ്കെടുത്ത അവാര്‍ഡ് ചടങ്ങില്‍ വച്ച് സുരാജ് പറഞ്ഞത്. ആനന്ദ് ടിവിയുടെ ഫിലിം അവാർഡില്‍ പങ്കെടുത്തപ്പോഴാണ് സുരാജ് തന്റെ മനസ്സു തുറന്നു സംസാരിച്ചത്.






