
വടകര: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജിതിന്‍ ഭാസ്‌കര്‍ തന്റെ മൊബൈല്‍ ഫോണ്‍ കൂടുതല്‍ വിദഗ്ധമായ പരിശോധനകള്‍ക്കായി ഫോണ്‍ ഇനി തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയക്കും. ഫോണ്‍ റീസെറ്റ് ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി.
ജില്ലാ ഫോറന്‍സിക് ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ ഫോണ്‍ റീസെറ്റ് ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഫോണ്‍ തിരുവനന്തപുരത്ത് പരിശോധന നടത്താനുള്ള അനുമതി തേടി പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.
നിര്‍ണായക തെളിവുകള്‍ അടങ്ങിയിട്ടുണ്ടെന്ന് കരുതുന്ന ഫോണാണ് വിവരങ്ങളെല്ലാം പരിപൂര്‍ണ്ണമായി മായ്ച്ചുകളഞ്ഞ നിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍, ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത് റീസെറ്റ് ചെയ്ത കാര്യം പ്രതി സമ്മതിക്കുകയും ചെയ്തു. അതേസമയം, വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
പ്രതി ഫോണിലെ വിവരങ്ങള്‍ മായ്ച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും അതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. പ്രതിയുടെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ അവസാനിക്കും.






