
ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ താമസക്കാരനെ 'പാകിസ്താനി' എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹൈദരാബാദ് കപ്രയിലെ 'ജനപ്രിയ ലേക്ക്ഫ്രണ്ട്' അപ്പാർട്ട്മെന്റിലാണ് സംഭവം. അപ്പാർട്ട്മെന്റ് അസോസിയേഷൻ ഭാരവാഹികളും താമസക്കാരും തമ്മിലുണ്ടായ തർക്കമാണ് വലിയ വിവാദത്തിലേക്ക് വഴിവെച്ചത്.
ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തിനിടെ അസോസിയേഷൻ കമ്മിറ്റിയിലെ ഒരാൾ ഒരു യുവാവിനെ 'പാകിസ്താനി' എന്നും 'നിയമവിരുദ്ധമായി' താമസിക്കുന്ന ആളെന്നും വിളിച്ച് പരസ്യമായി അധിക്ഷേപിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തന്നെ പാകിസ്താനി എന്ന് വിളിക്കാൻ എന്താണ് അവകാശം എന്ന് തനിക്കെതിരെ ഉയർന്ന വംശീയ അധിക്ഷേപത്തോട് യുവാവ് ശക്തമായി പ്രതികരിക്കുന്നത് വീഡിയോയിൽ കാണാം. പാകിസ്താനി എന്ന് വിളിക്കാൻ എന്ത് തെളിവാണ് ഉള്ളത് എന്നും തന്റെ മുത്തശ്ശൻ ഇന്ത്യൻ ആർമിയിൽ സുബേദാറായി സേവനമനുഷ്ഠിച്ചയാളാണ് എന്നും ഇയാൾ ചോദിക്കുന്നുണ്ട്. താൻ ഒരു ഇന്ത്യൻ പൗരനാണെന്ന് ആവർത്തിച്ചു വ്യക്തമാക്കിക്കൊണ്ടായിരുന്നു യുവാവിന്റെ ചോദ്യങ്ങൾ.
അതേസമയം, പോലീസിന്റെ സാന്നിധ്യത്തിലാണ് തങ്ങളെ ഇത്തരത്തിൽ അധിക്ഷേപിച്ചതെന്നും പോലീസ് ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വീഡിയോ റെക്കോർഡ് ചെയ്ത യുവാവിന്റെ കുടുംബാംഗങ്ങൾ ആരോപിച്ചു. മുസ്ലീങ്ങളാണ് എന്ന കാരണത്താൽ അവർ ഞങ്ങളെ പാകിസ്താനികളായി ചിത്രീകരിക്കുകയാണ്, ഇത് തികച്ചും തെറ്റായ നടപടിയാണ് എന്നും കുടുംബാംഗങ്ങൾ കുറ്റപ്പെടുത്തുന്നു. തർക്കം രൂക്ഷമായതോടെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഇരുവിഭാഗത്തെയും ശാന്തരാക്കാൻ ശ്രമിച്ചു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും പൊതുജനങ്ങളിൽ നിന്ന് കടുത്ത പ്രതിഷേധം ഉയരുകയും ചെയ്തതിനെ തുടർന്ന് കപ്ര പോലീസ് കേസെടുത്തിട്ടുണ്ട്.






