
മോസ്‌കോ: 'അഡോള്‍ഫ് ഹിറ്റ്ലര്‍' എന്നു പേരു പറഞ്ഞുകൊണ്ട് പിസ്സ ഓര്‍ഡര്‍ ചെയ്ത വിദ്യാര്‍ത്ഥിയെ പിടിച്ചു ജയിലിലിട്ട് റഷ്യ. യുറാല്‍സ് നഗരമായ നിസ്‌നി ടാഗിലിലെ ഒരു പ്രാദേശിക റെസ്റ്റോറന്റില്‍ നടന്ന ഈ സംഭവത്തെത്തുടര്‍ന്ന്, 18 കാരനായ തിമോഫെ വാഖോനിനെതിരെ 'നാസി ചിഹ്നങ്ങള്‍ പ്രചരിപ്പിച്ചു' എന്ന കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. അഞ്ചുദിവസം തിമോഫെയ്ക്ക് ജയിലില്‍ കിടക്കേണ്ടി വന്നു.
കസ്റ്റഡിയിലായ കൗമാരക്കാരന്‍ ഇപ്പോള്‍ കോളേജില്‍ നിന്ന് പുറത്താക്കല്‍ ഭീഷണിയും നേരിടുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് തൊട്ടുപിന്നാലെ വാഖോനിനെ കോളേജ് പരിസരത്ത് വെച്ച് തന്നെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നോവയ ഗസറ്റ യൂറോപ്പ് റിപ്പോര്‍ട്ട് അനുസരിച്ച്, തീവ്രവാദ വിരുദ്ധ കേന്ദ്രത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഈ അന്വേഷണത്തില്‍ പങ്കാളികളായിരുന്നു.
സ്വെര്‍ഡ്‌ലോവ്‌സ്‌ക് റീജിയണിലെ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയിലെ അലക്‌സി സ്വാലോവ് ആണ് സംഭവം ആദ്യം പോലീസില്‍ അറിയിച്ചത്. അന്വേഷണത്തില്‍, വാഖോനിന്‍ തന്റെ ഡെസ്‌കില്‍ 'നിരോധിത ചിഹ്നങ്ങള്‍' വരച്ചിരുന്നതായും, അതിന്റെ ചിത്രമെടുത്ത് ഒരു ഓണ്‍ലൈന്‍ ചാറ്റ് ഫോറത്തില്‍ പങ്കുവെച്ചിരുന്നതായും അധികൃതര്‍ കണ്ടെത്തി. തമാശയ്ക്ക് ചെയ്തു പോയതായിരുന്നു എന്നാണ് പിടിയിലായ വിദ്യാര്‍ത്ഥി പോലീസിന് നല്‍കിയ മൊഴി.
'നിസ്‌നി ടാഗിലിലെ ഒരു പ്രാദേശിക ഷോപ്പിംഗ് സെന്ററില്‍ നിന്ന് 'അഡോള്‍ഫ് ഹിറ്റ്ലര്‍' എന്ന പേരില്‍ ഓര്‍ഡര്‍ നല്‍കി പിസ്സ വാങ്ങാന്‍ തീരുമാനിച്ച ഒരു താമസക്കാരനെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.' പ്രാദേശിക പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രസ് സര്‍വീസ് മേധാവി വലേരി ഗോറെലിഖ് പറഞ്ഞു.






