
കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പദ്ധതിക്കെതിരേ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാ രിന്റെ 'പ്രിയദര്‍ശിനി' പദ്ധതിക്ക് നിയമസാധുത നല്‍കി. പദ്ധതി രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ളതാണെന്നും വലിയ സാമ്പത്തിക ബാധ്യത വരുത്തി വെക്കുമെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളി.
പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കിയ കോടതി, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുന്നതിനെ എങ്ങനെ തെറ്റായി കാണാന്‍ കഴിയുമെന്നും മുന്‍പ് കേസ് പരിഗണിക്കവെ ചോദിച്ചിരുന്നു. ശാസ്ത്രീയമായ പഠനങ്ങളോ സാമ്പത്തിക ആഘാത വിലയിരുത്ത ലുകളോ നടത്താതെയാണ് പദ്ധതി നടപ്പാക്കിയത്. ഇത് സംസ്ഥാന ഖജനാവിന് പ്രതിവര്‍ഷം 800 കോടി രൂപയുടെ അധിക ബാധ്യത വരുത്തിവെക്കും. പുരുഷന്മാരെയും സ്ത്രീകളെയും ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വേര്‍തിരിച്ച് ആനുകൂല്യം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണ്.
ജനാധിപത്യപരമായ രീതിയില്‍ പൊതുജനാഭിപ്രായം രൂപീകരിക്കാതെയാണ് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കിയത്. നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഈ വിവേചനം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും, കേസില്‍ അന്തിമ തീരുമാനം ആകുന്നത് വരെ പദ്ധതി സ്റ്റേ ചെയ്യണമെന്നുമുള്ള ഹര്‍ജിക്കാരന്റെ ആവശ്യങ്ങളാണ് കോടതി തള്ളിയത്.






