
തിരുവനന്തപുരം: കേരളത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന ബൃഹത്തായ 'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്' പദ്ധതിയുമായി സര്‍ക്കാര്‍. ജനങ്ങളുടെ ചികിത്സാച്ചെലവ് പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്നും, നടത്തിപ്പ് ചുമതല ആരോഗ്യ-ധനകാര്യ വകുപ്പുകള്‍ക്ക് കൈമാറിയതായും ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തിന്റെ നിലവിലെ ആരോഗ്യരംഗം കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനമെന്നും വി.ഡി. സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കി. ഇന്‍ഷുറന്‍സ് കമ്പനികളുമായി കൃത്യമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരിക്കും പദ്ധതിയുടെ അന്തിമരൂപം തയ്യാറാക്കുക. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെ ഒന്നിച്ച് അണിനിരത്തിക്കൊണ്ടായിരിക്കും പദ്ധതി മുന്നോട്ട് പോകുക. അപൂര്‍വ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കേരളത്തില്‍, രോഗബാധയെത്തുടര്‍ന്ന് കുടുംബങ്ങള്‍ കടക്കെണിയിലാകുന്ന അവസ്ഥയ്ക്ക് പുതിയ പദ്ധതിയിലൂടെ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. നിലവിലുള്ള ഒരു ആനുകൂല്യവും ജനങ്ങള്‍ക്ക് നഷ്ടമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹത്തില്‍ ജീവകാരുണ്യത്തിന്റെ വലിയ മാതൃക കാണിച്ചുതന്ന ഉമ്മന്‍ചാണ്ടിയുടെ പേരില്‍ തന്നെയാണ് ഈ സുരക്ഷാ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായതുപോലെ പെന്‍ഷന്‍ വിതരണത്തില്‍ യാതൊരുവിധ കാലതാമസവും ഈ സര്‍ക്കാര്‍ വരുത്തില്ല. ഈ മാസത്തെ പെന്‍ഷന്‍ വിതരണം ജൂണ്‍ 24 മുതല്‍ ആരംഭിക്കും. അതേസമയം, പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പട്ടിക കൃത്യമായി പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
'പ്രിയദര്‍ശനി പദ്ധതി' പ്രകാരം കെ.എസ്.ആര്‍.ടി.സിയുടെ നവീകരണത്തിനായി സര്‍ക്കാര്‍ 800 കോടി രൂപ നല്‍കും. സാമ്പത്തിക സഹായം നല്‍കുന്നതിനൊപ്പം തന്നെ കെ.എസ്.ആര്‍.ടി.സിയെ സ്വയംപര്യാപ്തതയില്‍ എത്തിക്കാനുള്ള വ്യക്തമായ സാമ്പത്തിക നയം സര്‍ക്കാരിനുണ്ടെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഗതാഗത മന്ത്രി സഭയെ അറിയിക്കുമെന്നും വ്യക്തമാക്കി. ഇന്‍ഷുറന്‍സ് പദ്ധതിക്കായി സര്‍ക്കാര്‍ നല്‍കേണ്ടിവരുന്ന കൃത്യമായ പ്രീമിയം തുക എത്രയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






