
ഇരിട്ടി ( കണ്ണൂര്‍): ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് സെമിത്തേരിയിലെ കല്ലറയില്‍ ദുരൂഹ സാഹചര്യത്തില്‍ രണ്ടാമതൊരു മൃതദേഹം കൂടിയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.ഒരു വ്യക്തിയെ അടക്കം ചെയ്ത കല്ലറ മറ്റൊരു ആവശ്യത്തിനായി തുറന്നപ്പോഴാണ് ഉള്ളില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ അജ്ഞാത വസ്തു കണ്ടെത്തിയത്.
ഇത് മറ്റൊരു മൃതദേഹമാണെന്ന ശക്തമായ സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ കരിക്കോട്ടക്കരി പോലീസാണ് അന്വേഷണം നടത്തുന്നത്. നാട്ടുകാരനായ ജില്‍സ് ഉണ്ണിമാക്കല്‍ എന്ന വ്യക്തി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ വിവരം പുറത്തറിഞ്ഞത്.
കല്ലറ തുറന്നപ്പോള്‍ കണ്ട അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് താന്‍ പോസ്റ്റിട്ടതെന്ന് ജില്‍സ് പ്രതികരിച്ചു. ക്രൈസ്തവ ആചാരപ്രകാരം സാധാരണ ഗതിയില്‍ ഒരു കല്ലറയില്‍ ഒരേസമയം ഇത്തരത്തില്‍ രണ്ട് മൃതദേഹങ്ങള്‍ അടക്കം ചെയîാറില്ലെന്നും, വിവരമറിഞ്ഞവര്‍ പലരും ഇത് പുറത്തുപറയാന്‍ മടിച്ചപ്പോഴാണ് താന്‍ ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ ദുരൂഹത തോന്നിയ ഉടന്‍ തന്നെ പള്ളി അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചതെന്ന് വികാരി ഫാ. ജില്‍ബര്‍ട്ട് കൊന്നയില്‍ അറിയിച്ചു. കരിക്കോട്ടക്കരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തിയിട്ടുണ്ട്.
കല്ലറയ്ക്കുള്ളില്‍ പായയില്‍ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്നത് മൃതദേഹം തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണ്. റവന്യു അധികൃതരുടെയും ഫോറന്‍സിക് വിദഗ്ധരുടെയും സാന്നിധ്യത്തില്‍ കല്ലറ വീണ്ടും പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.






