
ദുബായ്: അന്താരാഷ്ട്രതലത്തിൽ അതീവ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതായി ഇറാന്റെ സംയുക്ത സൈനിക കമാൻഡ് അറിയിച്ചു. ലെബനനിൽ ഇസ്രായേൽ നടത്തുന്ന മാരകമായ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഇറാന്റെ ഈ നിർണ്ണായക നീക്കം. ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് അടച്ചതോടെ അന്താരാഷ്ട്ര വിപണിയിലും വലിയ ആശങ്ക ഉയർന്നുകഴിഞ്ഞു.
ഇസ്രായേലിന്റെ ആക്രമണങ്ങളും യുദ്ധം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ട അമേരിക്കയുടെ "വിശ്വാസവഞ്ചനയും" കരാർ ലംഘനങ്ങളുമാണ് ഇതിന് കടുത്ത നടപടിക്ക് കാരണമായി ഇറാൻ ചൂണ്ടിക്കാണിക്കുന്നത്. ആക്രമണം തുടർന്നാൽ ശക്തമായ അടുത്ത ഘട്ട നടപടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഇറാൻ ഭരണകൂടം ഔദ്യോഗിക ടെലിവിഷൻ വഴി മുന്നറിയിപ്പ് നൽകി. കരാർ ഒപ്പിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഈ വഴി കപ്പൽ ഗതാഗതം പുനരാരംഭിച്ചിരുന്നു.
ഇറാന്റെ ചർച്ചാ സംഘം സ്വിറ്റ്സർലൻഡിലേക്ക് തിരിക്കുന്നതായി ഔദ്യോഗിക മാധ്യമങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ഈ യാത്ര ഇറാൻ നേരത്തെ റദ്ദാക്കിയിരുന്നു. എന്നാൽ, അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താതെ ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് സൂചിപ്പിച്ചു.
ലെബനനിലെ യുദ്ധം അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന വ്യവസ്ഥകൾ നടപ്പിലാക്കിയാൽ മാത്രമേ അന്തിമ കരാറിലേക്കുള്ള ചർച്ചകൾ ആരംഭിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ധാരണകളുടെ ഏതെങ്കിലും ഒരു ഭാഗം ലംഘിക്കപ്പെട്ടാൽ അത് സമാധാനക്കരാറിനെ പൂർണ്ണമായി അപകടത്തിലാക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ദിവസങ്ങൾക്ക് മുൻപ് ഒപ്പുവെച്ച സമാധാനക്കരാർ ലംഘിച്ചുകൊണ്ട്, തെക്കൻ ലെബനനിൽ ഇസ്രായേലും അമേരിക്കയും വെടിനിർത്തൽ വ്യവസ്ഥകൾ കാറ്റിൽപ്പറത്തിയെന്നാണ് ഇറാൻ ആരോപിക്കുന്നത്. അമേരിക്കയും ഇസ്രായേലും കാണിച്ച "വിശ്വാസവഞ്ചനയ്ക്കുള്ള" ആദ്യ മറുപടിയാണ് ഇതെന്നും, ആക്രമണം തുടർന്നാൽ ശത്രുവിനെ നിലക്കുനിർത്താൻ ശക്തമായ മറ്റ് നടപടികളിലേക്ക് കടക്കുമെന്നും ഇറാന്റെ ഖാത്തം അൽ-അൻബിയ സെൻട്രൽ മിലിട്ടറി കമാൻഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.






