
കണ്ണൂര്‍: പേരാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന് പ്രസവിച്ച കേസില്‍ അറസ്റ്റിലായ വൈദികന് ഫാദര്‍ റോബിന് വടക്കുംചേരി (48) കുറ്റംസമ്മതിച്ചു. ഇന്നലെ രാത്രിയോടെ പോലീസ് കസ്റ്റഡിയിലായ വൈദികന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രസവം രഹസ്യമാക്കി വച്ച ആശുപത്രി അധികൃതര്‍ക്കെതിരെയും കേസെടുക്കാന്‍ പോലീസ് ആലോചിക്കുന്നുണ്ട്.
അതിനിടെ, വൈദികന് സേവനം ചെയ്തിരുന്ന നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കുട്ടിയെ പീഡനത്തിന് ഇടയാക്കിയ പള്ളിമേടയിലും പോലീസ് പരിശോധന നടത്തി. പള്ളിയിലും പരിസരത്തും വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്. വൈദികനെ പള്ളിയില്‍ എത്തിപ്പോള്‍ നാട്ടുകാര്‍ കൂവിവിളിച്ചു. യാതൊരു ഭാവഭേദവുമില്ലാതെ, മുഖം പോലും മറയ്ക്കാന്‍ തയ്യാറാകാതെയാണ് വൈദികന് പോലീസിനൊപ്പം എത്തിയത്.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോസ്കോ വകുപ്പം ബലാത്സംഗ കുറ്റവും ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത്. ഇതോടെ വൈദികന് വിചാരണ കഴിയും വരെ ജാമ്യം പോലും ലഭിക്കില്ല. ശാരീരിക പരിശോധനകള്‍ക്കു ശേഷം വൈദികനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി മൂന്നാഴ്ച മുന്‍പാണ് ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. സഭയുടെ കീഴിലുള്ള കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലായിരുന്നു രഹസ്യമായി പ്രസവം നടന്നത്. പിന്നീട് കുഞ്ഞിനെ വയനാട് വൈത്തിരിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തിലേക്ക് മാറ്റി. പ്രസവ വിവരം അധികൃതരെ അറിയിക്കാനോ മേല്‍നടപടി സ്വീകരിക്കാനോ ആശുപത്രി അധികൃതരും തയ്യാറായിരുന്നില്ല.
ഉന്നത കേന്ദ്രങ്ങളില്‍ നിന്നുള്ള ഇടപെടലാണ് സംഭവങ്ങള്‍ ഇത്രയും കാലം രഹസ്യമാക്കി വയ്ക്കാന്‍ ഇടയാക്കിയതെന്ന് പോലീസ് കരുതുന്നു. നിര്‍ധന കുടുംബത്തില്‍പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പുറത്തറിയാതെ ഒതുക്കിവച്ചിരിക്കുകയായിരുന്നു. സമ്മര്‍ദ്ദം ശക്തമായതോടെ പീഡിപ്പിച്ചത് സ്വന്തം പിതാവാണെന്ന് വരെ കള്ളം പറയാനും പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചിരുന്നു. പണം നല്കി കേസ് ഒതുക്കാനും ശ്രമം നടന്നു.
എന്നാല്‍ പെണ്‍കുട്ടി തന്നെ ഇക്കാര്യം 26ന് പോലീസിന് പരാതിയായി നല്‍കുകയായിരുന്നു. യഥാര്‍ത്ഥ സംഭവം പുറത്തറിഞ്ഞതോടെ വൈദികന് വിദേശത്തേക്ക് കടക്കാനും ഉന്നതര്‍ ഒത്താശ ചെയ്തിരുന്നു. വിദേശത്തേക്ക് പോകുന്നതിനായി നെടുമ്പാശേരിക്കുള്ള യാത്രമധ്യേയാണ് ചാലക്കുടിയില്‍ നിന്ന് വൈദികന് പിടിയിലായത്. ഇതോടെ ഇയാളെ സഹായിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാണ് പോലീസിന്റെ നീക്കം.
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്ന എല്ലാ വകുപ്പുകളും വൈദികനെതിരെ ചുമത്തുമെന്ന് കേസ് അന്വേഷിക്കുന്ന പേരാവൂര്‍ ഡി.വൈ.എസ്.പി പറഞ്ഞു. ഉന്നതമായ സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുമ്പോള്‍ അതിന് ഗൗരവും വര്‍ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈദികന് സമാനമായ രീതിയില്‍ മറ്റ് പെണ്‍കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജരുമായിരുന്നു ഫാദര്‍ റോബിന്. ഈ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. കേസ് പുറത്തുവന്നതോടെ വൈദികനെ എല്ലാ പദവികളില്‍ നിന്നും നീക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. എന്നാല്‍ പലവിധത്തിലുള്ള ആരോപണങ്ങള്‍ നേരിട്ടുള്ള ഒരു വൈദികനെ സഭ ഇത്രയും കാലം സംരക്ഷിച്ചത് എന്തിനാണെന്നും ചോദ്യമുയരുന്നുണ്ട്.






