
ഫാദേഴ്‌സ് ഡേയില്‍ അന്തരിച്ച തന്റെ പിതാവും പ്രശസ്ത ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ ഷോമു മുഖര്‍ജിയുടെ ഓര്‍മകള്‍ പങ്കുവെച്ച് ബോളിവുഡ് താരം കജോള്‍. തന്റെ ചിരിയിലും സന്തോഷത്തിലും ഇപ്പോഴും പിതാവിന്റെ സാന്നിധ്യമുണ്ടെന്ന് കജോള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മാതാപിതാക്കളായ ഷോമു മുഖര്‍ജിയും തനൂജയും ഒന്നിച്ച് ചിരിച്ചുനില്‍ക്കുന്ന അപൂര്‍വ്വമായ ഒരു പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ വൈകാരികമായ പോസ്റ്റ്.
'പഴയ ചിത്രങ്ങളിലേക്ക് നോക്കുമ്പോള്‍ എന്റെ ചിരിയില്‍ നിങ്ങളുടെ എത്രമാത്രം സാന്നിധ്യമാണ് ഇപ്പോഴും ജീവിക്കുന്നതെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഓരോ ദിവസവും നിങ്ങളെ മിസ്സ് ചെയ്യുന്നു,' കജോള്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ഷോമു മുഖര്‍ജിയുടെ ജന്മദിനത്തിലും കജോള്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടിയിരുന്നു. താനെപ്പോഴും അച്ഛനെ മിസ് ചെയ്യാറുണ്ടെന്നും എങ്ങനെയാണ് അച്ഛനില്ലാതെ ഓരോന്നും ചെയ്യുകയെന്ന് അറിയില്ലെന്നുമായിരുന്നു കജോള്‍ കുറിച്ചത്. "പ്രിയപ്പെട്ട അച്ഛാ, നിങ്ങളില്ലാതെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് എനിക്ക് ഇപ്പോഴും അറിയില്ല," എന്നായിരുന്നു അന്ന് താരം കുറിച്ച വാക്കുകള്‍.
ബോളിവുഡിലെ പ്രശസ്തനായ സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായിരുന്നു ഷോമു മുഖര്‍ജി. 'ഏക് ബാര്‍ മുസ്‌കുരാ ദോ', 'നന്‍ഹാ ശിക്കാരി', 'ഛൈല ബാബു', 'ഫിഫ്റ്റി ഫിഫ്റ്റി', 'ലവര്‍ ബോയ്' തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
'ഏക് ബാര്‍ മുസ്‌കുരാ ദോ' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് അദ്ദേഹം പ്രശസ്ത നടി തനൂജയെ കണ്ടുമുട്ടുന്നതും അത് പ്രണയമായി മാറിയതും. 1973-ല്‍ ഇവര്‍ വിവാഹിതരായി. ബോളിവുഡ് താരങ്ങളായ കജോള്‍, തനിഷ എന്നിവര്‍ മക്കളാണ്. 2008 ഏപ്രില്‍ 10-ന്, 64-ാം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഷോമു മുഖര്‍ജിയുടെ അന്ത്യം.






