
കൊച്ചി: കൊച്ചിൻ ഷിപ്പിയാർഡിൽ നിർത്തിയിട്ടിരിക്കുന്ന കപ്പലിൽ, ‘ഐ ലവ് പാകിസ്താൻ’ എന്നെഴുതിയ സംഭവത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. വിഷയത്തിൽ കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ 14-നാണ് കപ്പലിനുള്ളിൽ എഴുത്ത് കണ്ടെത്തിയത്. അധികൃതർ ആഭ്യന്തര അന്വേഷണം നടത്തിയ ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. എറണാകുളം ടൗൺ സൗത്ത് പോലീസാണ് അന്വേഷണം നടത്തുന്നത്.
കേസിൽ ഇതുവരെ 162 പേരുടെ മൊഴിയെടുത്തു. ബ്രിട്ടനിലെ നോർത്ത് സ്റ്റാർ ഷിപ്പിങ്ങിനായി 2025 ൽ നിർമാണം ആരംഭിച്ച കപ്പലിലാണ് ഐ ലവ് പാകിസ്ഥാൻ എന്ന എഴുത്ത് പ്രത്യക്ഷപെട്ടത്. അറ്റകുറ്റപ്പണികൾ നടന്ന സമയത്ത് സ്ഥിരം ജീവനക്കാരും കരാർ തൊഴിലാളികളും ഉൾപ്പെടെ നൂറോളം പേർക്ക് ഈ കപ്പലിലേക്ക് പ്രവേശനമുണ്ടായിരുന്നു. എഴുത്ത് കണ്ടെത്തിയ ഭാഗത്ത് സിസി ടിവി ക്യാമറകൾ ഇല്ലാതിരുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കും.
പ്രാഥമിക അന്വേഷണത്തിന് ശേഷം ഭാരതീയ ന്യായസംഹിതയിലെ 152 വകുപ്പ് പ്രകാരം കേസ് എടുത്തു. രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വകുപ്പാണിത്. കേന്ദ്ര ഏജൻസികളും വിവരങ്ങൾ തേടിയിട്ടുണ്ട്. തന്ത്രപ്രധാനമായ കപ്പൽശാല ആയതിനാൽ കേന്ദ്ര വ്യവസായ സുരക്ഷാ സേനയും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഈ സംഭവത്തെക്കുറിച്ച് അതീവ ജാഗ്രതയോടെയാണ് അന്വേഷിക്കുന്നത്.






