
ഗോരഖ്പൂർ: അവിശ്വസനീയമായ ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം യുപിയിൽ നിന്ന് പുറത്തുവന്നത്. 12 വയസ്സുള്ള ഒരു കൗമാരക്കാരൻ ഒമ്പത് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെയാണ് കുട്ടി തട്ടിക്കൊണ്ടുപോയത്.
കൃത്യം നടത്തിയപ്പോൾ പ്രതിയായ കൗമാരക്കാരൻ മദ്യപിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിൽ ഇയാൾ കുറ്റസമ്മതം നടത്തി. മദ്യപിച്ചിരുന്നതായും മൊബൈലിൽ അശ്ലീല വീഡിയോകൾ കണ്ടിരുന്നു എന്നും പൊലീസിന്റെ ചോദ്യം ചെയ്യലിൽ കൗമാരക്കാരൻ പറഞ്ഞു. കുട്ടിയുടെ ഫോൺ പരിശോധിച്ച അന്വേഷണസംഘം അമ്പതിലധികം അശ്ലീല വീഡിയോകളും നൂറിലധികം അശ്ലീല വെബ്‌സൈറ്റുകൾ തിരഞ്ഞതിന്റെ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഗുലാരിഹ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം കുടുംബം അറിയുന്നത്. തുടർന്ന് ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ, വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള പാടത്തെ ഒരു ടിൻ ഷെഡിന് സമീപം രക്തം വാർന്ന നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് ബിആർഡി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മെഡിക്കൽ പരിശോധനയിൽ കുഞ്ഞ് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായതായി സ്ഥിരീകരിച്ചു.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്. ചണ്ഡീഗഢിൽ നിന്ന് മൂന്ന് ദിവസം മുൻപ് ഗ്രാമത്തിലെത്തിയ ബന്ധുവായ കുട്ടിയെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യം പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞുവെങ്കിലും പിന്നീട് കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. കേസിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് തുടർ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഗോരഖ്പൂർ സിറ്റി എസ്പി നിമേഷ് പാട്ടീൽ അറിയിച്ചു.






