
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഞായറാഴ്ച പുലർച്ചെ അമിത വേഗത മൂലം ഉണ്ടായ കാറപകടത്തിൽ രണ്ട് യുവാക്കൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടസമയത്ത് ആഡംബര ബിഎംഡബ്ല്യു കാർ 251 കിലോമീറ്റർ വേഗതിയിലായിരുന്നു എന്ന് കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മുംബൈ-വഡോദര ഹൈവേയിൽ ബദ്‌ലാപൂരിന് സമീപം നിയന്ത്രണം വിട്ട കാർ കൺവെർട്ടിബിൾ കാർ റോഡ് ഡിവൈഡറിലിടിച്ച് പലതവണ മറിയുകയായിരുന്നു. ബദ്‌ലാപൂർ സ്വദേശിയായ യോഗേഷ് നേഗി (24), മുംബൈ ബാന്ദ്ര സ്വദേശിയായ റെബേക്ക ജേക്കബ് (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നാമത്തെ യാത്രക്കാരൻ ബദ്‌ലാപൂർ സ്വദേശിയായ അംഗദ് ഗിൽ (26) ഗുരുതരമായ പരിക്കുകളോടെ കല്യാണിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച പുലർച്ചെ 3 മണിക്കും 4 മണിക്കും ഇടയിലാണ് അപകടമുണ്ടായത്. ടിറ്റ്‌വാലയിൽ ഒരു ജന്മദിനാഘോഷത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു സംഘം. ഹൈവേയിൽ നിർമ്മാണം നടക്കുന്നതിനാൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാത്തതും തെരുവ് വിളക്കുകൾ ഇല്ലാത്തതുമായ ഭാഗത്ത് വെച്ചാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നുപോയി.
ശബ്ദം കേട്ടെത്തിയ പ്രദേശവാസികളും മറ്റ് യാത്രക്കാരുമാണ് പോലീസിനെ വിവരമറിയിച്ചത്. അപകടസമയത്ത് കാറിന്റെ സ്പീഡോമീറ്റർ മണിക്കൂറിൽ 251 കിലോമീറ്റർ വേഗതയിലാണെന്ന് കാണിക്കുന്ന വീഡിയോയെ കുറിച്ച് അന്വേഷണം നടക്കുന്നു. ഈ ദൃശ്യങ്ങൾ അപകടത്തിന് തൊട്ടുമുമ്പ് ഇതേ യാത്രയിൽ ചിത്രീകരിച്ചതാണോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. മദ്യപാനം അപകടത്തിന് കാരണമായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.






