
പത്തനംതിട്ട: തണ്ണിത്തോട്ടിൽ കിണറ്റിൽ വീണ കുട്ടിയാനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ അഞ്ചു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം കരയ്ക്ക് കയറ്റി. പുറത്തെടുത്ത പിന്നാലെ ആന കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.
തണ്ണിത്തോട് മേക്കണത്ത് ജനവാസ മേഖലയിലെ റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് ഏകദേശം രണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാന വീണത്. കിണറ്റിൽ നിന്ന് കേട്ട ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ആനയെ കണ്ടെത്തിയത്.
തുടർന്ന് വിവരം വനംവകുപ്പിനെ അറിയിച്ചു. കിണറ്റിൽ വെള്ളമില്ലായ്മ രക്ഷാപ്രവർത്തനത്തിന് സഹായകരമായെങ്കിലും, ആനയെ പുറത്തെത്തിക്കാൻ മണിക്കൂറുകൾ നീണ്ട ശ്രമം ആവശ്യമായി വന്നു. ഒടുവിൽ കിണറിന്റെ ഒരു ഭാഗം ഇടിച്ചുനീക്കിയാണ് കുട്ടിയാനയെ കരയ്ക്ക് എത്തിച്ചത്.






