
ഹൈദരാബാദ്: മൊബൈല്‍ ഫോണ്‍ പരീക്ഷാ കേന്ദ്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയും, ശുചിമുറിയിലെ ഫ്‌ലഷ് ടാങ്കില്‍ ഒളിപ്പിക്കുകയും ചെയ്തുള്ള വിദ്യാര്‍ത്ഥിയുടെ നീറ്റ് പരീക്ഷയിലെ കോപ്പിയടി പിടികൂടി. ഹൈദരാബാദില്‍ രാഗണ്ണഗുഡയിലുള്ള ഇസഡ്.പി.എച്ച്.എസ് സ്‌കൂളിലായിരുന്നു ക്രമക്കേട്. 18 കാരനായ നീറ്റ് പരീക്ഷാര്‍ത്ഥിയെ ഹൈദരാബാദി സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തു.
മൊബൈല്‍ ഫോണ്‍ പരീക്ഷാകേന്ദ്രത്തിലെ ശുചിമുറിയില്‍ വെച്ച് ഉപയോഗിക്കുന്നതിനിടെയാണ് പിടികൂടിയത്. രാവിലെ 7 മണിയോടെ സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥി സ്‌കൂളിന്റെ കോമ്പൗണ്ട് മതിലിനോട് ചേര്‍ന്നു കിടക്കുന്ന ശുചിമുറിയിലെ വെന്റിലേറ്ററില്‍ മൊബൈല്‍ ഫോണ്‍ ആദ്യം ഒളിപ്പിച്ചു വെച്ചു. ഈ വെന്റിലേറ്റര്‍ താഴെയതിനാല്‍ വിദ്യാര്‍ത്ഥിക്ക് അവിടെ എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞുവെന്ന് പോലീസ് പറഞ്ഞു.
പിന്നീട്, ഏകദേശം 11 മണിയോടെ ഇയാള്‍ ശുചിമുറിയില്‍ കയറി ഫോണ്‍ എടുത്ത്, ഒരു സിപ്പ്-ലോക്ക് കവറിലാക്കി ഫ്‌ലഷ് ടാങ്കിനുള്ളില്‍ ഒളിപ്പിച്ചു. രാവിലെ 6 മണിക്കും പിന്നീട് 11 മണിക്കും സുരക്ഷാ സംഘങ്ങള്‍ പരീക്ഷാ കേന്ദ്രത്തില്‍ വിശദമായ പരിശോധന നടത്തിയിരുന്നെങ്കിലും, ഫ്‌ലഷ് ടാങ്കിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ഫോണ്‍ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് പരീക്ഷ നടന്നുകൊണ്ടിരിക്കെ, വയറുവേദനയാണെന്ന് പറഞ്ഞ് ശുചിമുറിയില്‍ പോകാന്‍ അനുവാദം ചോദിച്ചു.
എന്നാല്‍ വിദ്യാര്‍ത്ഥി കൃത്യസമയത്ത് തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി. ശുചിമുറിയില്‍ അസാധാരണമായി കൂടുതല്‍ സമയം ചിലവഴിച്ചതോടെ, ഇന്‍വിജിലേറ്റര്‍ ജീവനക്കാരെ അയച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. ഈ പരിശോധനയിലാണ് വിദ്യാര്‍ത്ഥി ശുചിമുറിയില്‍ ഇരുന്ന് മൊബൈല്‍ ഫോണില്‍ ഉത്തരങ്ങള്‍ തിരയുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. അന്വേഷണത്തില്‍ ഫോണ്‍ പിടിച്ചെടുക്കുകയും വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിച്ചപ്പോള്‍, ഉത്തരങ്ങള്‍ തിരയാന്‍ വിദ്യാര്‍ത്ഥി ഗൂഗിള്‍ ക്രോം ആണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. ഇന്‍സ്റ്റാഗ്രാം അല്ലാതെ ആശങ്കപ്പെടേണ്ട രീതിയിലുള്ള മറ്റ് ആപ്ലിക്കേഷനുകളൊന്നും ഫോണില്‍ സജീവമായിരുന്നില്ല. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണെന്ന് പോലീസ് വ്യക്തമാക്കി.






