
മദ്യനയം ഉൾപ്പെടെയുള്ള നയപരമായ വിഷയങ്ങളിൽ പാർട്ടിക്കുള്ളിൽ കൂടിയാലോചനകൾ ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഇത്തരം വിഷയങ്ങൾ ആവശ്യമായ സമയത്ത് ഉചിതമായ രീതിയിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യനയത്തെയും ധാതുമണൽ വിഷയത്തെയും കുറിച്ച് ചില ആശങ്കകൾ ഉയർന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ആ ആശങ്കകൾ ദൂരീകരിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനാണെന്നും പറഞ്ഞു.
സംസ്ഥാനത്തെ ബാധിക്കുന്ന നയപരമായ തീരുമാനങ്ങളിൽ പാർട്ടിക്കകത്ത് ചർച്ചകൾ നടക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെങ്കിലും ചില വിഷയങ്ങളിൽ വിവിധ ഭാഗങ്ങളിൽ നിന്ന് ആശങ്കകൾ ഉയരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സർക്കാർ അധികാരത്തിലെത്തിയതേയുള്ളൂ. സർക്കാർ സ്വീകരിക്കുന്ന നിലപാടുകളെ കുറിച്ച് ആർക്കെങ്കിലും പരാതികളോ ആശങ്കകളോ ഉണ്ടെങ്കിൽ അവ പാർട്ടി തലത്തിൽ ചർച്ച ചെയ്യുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.






