
താരസംഘടനയായ ‘അമ്മ’യിലെ പ്രതിസന്ധി തുടരുന്നതിനിടെ അഡ്‌ഹോക് കമ്മിറ്റിയിലും രാജി. നടി ആശ അരവിന്ദാണ് രാജി അറിയിച്ചത്. വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് അവർ രാജിക്കാര്യം അറിയിച്ചത്. ഭരണസമിതി രാജിവെച്ചതിനെ തുടർന്ന് രൂപീകരിച്ച രമേഷ് പിഷാരടി നയിക്കുന്ന ഒമ്പതംഗ അഡ്‌ഹോക് കമ്മിറ്റിയിലെ അംഗമായിരുന്നു ആശ അരവിന്ദ്.
ഇതിനുമുമ്പ് നടി മല്ലിക സുകുമാരനും സംഘടനയിൽ നിന്ന് രാജിവെച്ചിരുന്നു. മുൻ പ്രസിഡന്റ് ശ്വേതാ മേനോന് പിന്തുണ അറിയിച്ചുകൊണ്ടായിരുന്നു മല്ലികയുടെ രാജി. ‘സത്യത്തിനൊപ്പം, ന്യായത്തിനൊപ്പം, ശ്വേതയ്‌ക്കൊപ്പം’ എന്ന കുറിപ്പോടെയാണ് അവർ തീരുമാനം പ്രഖ്യാപിച്ചത്.
ജനറൽ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയും മല്ലിക സുകുമാരൻ ശ്വേതാ മേനോനെ പിന്തുണച്ചിരുന്നു. രാജിവെക്കേണ്ടിയിരുന്നത് ശ്വേതാ മേനോൻ അല്ലെന്നും, ജനറൽ സെക്രട്ടറിയും ട്രഷററുമാണ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിയിരുന്നതെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു.
മല്ലിക സുകുമാരന്റെ രാജിക്ക് പിന്നാലെയാണ് ഇപ്പോൾ ആശ അരവിന്ദും അഡ്‌ഹോക് കമ്മിറ്റിയിൽ നിന്ന് പിന്മാറിയിരിക്കുന്നത്. മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ, കലാഭവൻ ഷാജോൺ, സാദിഖ്, ദേവി ചന്ദന, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
നാല് മാസത്തേക്കാണ് അഡ്‌ഹോക് കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കേണ്ടതുണ്ട്.






