
മദ്യനികുതി കുറച്ചാൽ മദ്യവ്യാപനവും ഉപഭോഗവും വർധിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ച് സിപിഎം നേതാവ് കെ.എൻ. ബാലഗോപാൽ. മുൻ സർക്കാരിന്റെ കാലത്തും ഇത്തരമൊരു നീക്കത്തിന് സമ്മർദമുണ്ടായിരുന്നുവെങ്കിലും അത് അംഗീകരിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
'റെഡി ടു ഡ്രിങ്ക്' വിഭാഗത്തിൽപ്പെടുന്ന മദ്യത്തിന് നികുതി കുറയ്ക്കുന്ന കാര്യത്തിൽ അന്ന് തീരുമാനമെടുത്തിരുന്നില്ല. ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുമെന്നായിരുന്നു അനുകൂല വാദമെങ്കിലും, ഇതിലൂടെ മദ്യം ഉപയോഗിക്കുന്ന പുതിയൊരു വിഭാഗം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി. സർക്കാരിന് അധിക വരുമാനം ലഭിക്കാമെങ്കിലും, ഇത് സോഷ്യൽ ഡ്രിങ്കിങ്ങിന് ഔദ്യോഗിക അംഗീകാരം നൽകുന്നതിന് തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച വിഷയത്തിൽ മന്ത്രിസഭയ്ക്കുള്ളിൽ തന്നെ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയെ പൂർണമായി അറിയിക്കാതെയായിരുന്നു തീരുമാനം എന്ന വിവരമാണ് ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിനകത്തും ഇതിനെതിരെ എതിർസ്വരങ്ങൾ ഉയർന്നിട്ടുണ്ടെന്നും, മാത്യു കുഴൽനാടനും അൻവർ സാദത്തും നിയമസഭയിൽ ഇതുസംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബജറ്റിലെ ഈ തീരുമാനം അപകടകരമാണെന്ന് ഇപ്പോൾ വ്യക്തമായിക്കഴിഞ്ഞുവെന്നും, അതിനാൽ സർക്കാർ നിലപാട് പുനഃപരിശോധിച്ച് തീരുമാനം പിൻവലിക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു. ഇത് അഭിമാനപ്രശ്നമാക്കി കാണാതെ തിരുത്തൽ നടപടിക്ക് സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






