
ഡാലസ്: ലോകകപ്പിൽ ഫിഫ നടപ്പാക്കിയ ഹൈഡ്രേഷൻ ബ്രെയ്ക്കുകളോട് വിമർശനവുമായി അർജന്റീന പരിശീലകൻ ലയണൽ സ്കലോനി. മത്സരത്തിനിടെ രണ്ട് പകുതികളിലും അനുവദിക്കുന്ന ഇടവേളകൾ കളിയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്നതായാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഓസ്ട്രിയക്കെതിരായ രണ്ടാം മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
ഇരു പകുതികളുടെയും മധ്യത്തിൽ നിർബന്ധമായും നൽകുന്ന മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഇടവേളകൾ മത്സരത്തിന്റെ താളം നഷ്ടപ്പെടുത്തുന്നുവെന്ന് സ്കലോനി പറഞ്ഞു. പരിശീലകർക്ക് തന്ത്രങ്ങളിൽ മാറ്റം വരുത്താനും പുതിയ നിർദേശങ്ങൾ നൽകാനും ഈ സമയം സഹായകമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം ഇടവേളകൾ താരങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് സഹായകരമാണെങ്കിലും മത്സരത്തിന്റെ ഗതിയെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സ്കലോനി അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് ചെറിയ ടീമുകൾക്ക് കൂടുതൽ പ്രയോജനം ലഭിക്കുന്ന സാഹചര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






