
ടെക്‌സാസ്: ഫുട്‌ബോള്‍ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍ അര്‍ജന്റീനയ്‌ക്ക് ഇന്ന് രണ്ടാം മത്സരം. ഡാളസ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 10.30 മുതല്‍ നടക്കുന്ന ജെ ഗ്രൂപ്പ് മത്സരത്തില്‍ ഓസ്‌ട്രിയയാണ് എതിരാളികള്‍.
ആദ്യമായാണ് അര്‍ജന്റീനയും ഓസ്‌ട്രിയയും തമ്മില്‍ ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്. തമ്മില്‍ ആകെ നടന്നതു രണ്ട് സൗഹൃദ മത്സരങ്ങളാണ്. 1980 ല്‍ നടന്ന ആദ്യ മത്സരത്തില്‍ അര്‍ജന്റീന 5-1 നു ജയിച്ചു. പത്ത് വര്‍ഷം കഴിഞ്ഞു നടന്ന രണ്ടാമത്തെ മത്സരം 1-1 ന് അവസാനിച്ചു.
അള്‍ജീരിയയ്‌ക്കെതിരേ നടന്ന ആദ്യ മത്സരത്തില്‍ ഹാട്രിക്കടിച്ച സൂപ്പര്‍ താരം ലയണല്‍ മെസിയാണ് ഇന്നത്തെയും ശ്രദ്ധാകേന്ദ്രം. ഓസ്‌ട്രിയയെ തോല്‍പ്പിച്ചാല്‍ ലയണല്‍ സ്‌കലോണിക്കും ശിഷ്യന്‍മാര്‍ക്കും നോക്കൗട്ട് ഉറപ്പിക്കാം.
38 വയസുകാരനായ മെസി ഹാട്രിക്കടിച്ചതോടെ ''പ്രായം വെറും നമ്പര്‍'' മാത്രമാണെന്നു തെളിയിച്ചു. റാള്‍ഫ് റാഗ്നിക് പരിശീലിപ്പിക്കുന്ന ഓസ്‌ട്രിയ നിസാരക്കാരല്ല. കടുകട്ടി പ്രതിരോധക്കാരായ അവര്‍ ആദ്യ മത്സരത്തില്‍ ജോര്‍ദാനെ 3-1 നു തോല്‍പ്പിച്ചിരുന്നു.
മെസിയെ പൂട്ടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതായി ഓസ്‌ട്രിയന്‍ നായകന്‍ ഡേവിഡ് അലാബ പറഞ്ഞു. വെറ്ററന്‍ സ്‌ട്രൈക്കര്‍ മാര്‍കോ അര്‍നൗറ്റോവിച്ചിലാണ് അവരുടെ പ്രതീക്ഷ. മാര്‍കോ ജോര്‍ദാനെതിരേ പെനാല്‍റ്റി ഗോളാക്കിയാണു ടീമിനെ ജയിപ്പിച്ചത്. അര്‍ജന്റീനയ്‌ക്കും ഓസ്‌ട്രിയയ്‌ക്കും മൂന്ന് പോയിന്റ് വീതമാണ്.
ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള അര്‍ജന്റീനയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ജോര്‍ദാനും അള്‍ജീരിയയ്‌ക്കും അക്കൗണ്ട് തുറക്കാനായില്ല. കാല്‍ക്കുഴയ്‌ക്കു പരുക്കേറ്റ റൈറ്റ് ബാക്ക് ഗൊണ്‍സാലോ മോണ്ടിയാല്‍ ഇന്നു കളിക്കാനിടയില്ലെന്നാണ് അര്‍ജന്റീനയുടെ അസിസ്‌റ്റന്റ് കോച്ച് പാബ്ലോ അയ്‌മര്‍ നല്‍കുന്ന സൂചന. നഹുവേല്‍ മൊളീനയാകും പകരം സ്‌റ്റാര്‍ട്ടിങ് ഇലവനിലുണ്ടാകുക.
താടിയെല്ലിനു പരുക്കേറ്റ റൈറ്റ് ബാക്ക് സ്‌റ്റെഫാന്‍ പോഷിനെ കൂടാതെയാണ് ഓസ്‌ട്രിയ ഇന്നു കളിക്കുക. കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായിരുന്ന മാര്‍കോ അര്‍നൗറ്റോവിച്ചിനെ ഇന്നു സ്‌റ്റാര്‍ട്ടിങ് ഇലവനില്‍ കളിപ്പിക്കുമെന്നാണു സൂചന. അര്‍ജന്റീന കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ ആറിലും ജയിച്ചവരാണ്. ഒന്നില്‍ സമനില വഴങ്ങിയപ്പോള്‍ ഒരു തവണ തോറ്റു. ലോകകപ്പിനു മുമ്പ് നടന്ന എല്ലാ സൗഹൃദ മത്സരങ്ങളും ജയിച്ചതാണ് ഓസ്‌ട്രിയയുടെ കരുത്ത്. റാഗ്നികിന്റെ ശിഷ്യന്‍മാര്‍ കഴിഞ്ഞ 18 മത്സരങ്ങളില്‍ ഒന്നിലധികം ഗോളുകള്‍ വഴങ്ങിയത് ഒരു തവണ മാത്രമാണ്‌്.




