
കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളിയിലെ കല്ലറ ദുരൂഹതയിൽ കല്ലറ തുറന്ന് പരിശോധന നടത്താൻ തീരുമാനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് കേസെടുക്കാനും തീരുമാനമായത്. ഇന്ന് തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും ആർഡിഒയുടെ അനുമതി ലഭിച്ചാലുടൻ കല്ലറ തുറന്ന് പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. കല്ലറയ്ക്ക് പൊലീസ് കാവൽ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് പള്ളി വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ പ്രതികരിച്ചു. ദുരൂഹത പൂർണമായും നീക്കുമെന്ന് പേരാവൂർ ഡിവൈഎസ്പിയും വ്യക്തമാക്കി.
കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് ഉണ്ണിമിശിഹാ ദേവാലയത്തിന്റെ സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹ സാദൃശ്യമുള്ള വസ്തു കണ്ടെത്തിയതോടെയാണ് വിവാദവും ദുരൂഹതയും ഉയർന്നത്. കണ്ടെത്തിയ വസ്തു എന്താണെന്നും അത് മുൻപ് സംസ്കരിച്ച മൃതദേഹത്തിന്റെ അവശിഷ്ടമാണോയെന്നും വ്യക്തമാകേണ്ടതുണ്ട്. ഇതുസംബന്ധിച്ച വ്യക്തത ലഭിക്കാനാണ് കല്ലറ തുറന്ന് പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചത്.






