
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ ജൂൺ 22 അർദ്ധരാത്രി അവസാനിച്ചതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാം വീണ്ടും സജീവമായി. ഇതോടെ ചൊവ്വാഴ്ച രാവിലെ മുതൽ ഗൂഗിൾ പ്ലേസ്റ്റോറിൽ ആപ്പ് പുനഃസ്ഥാപിക്കപ്പെട്ടു.
പ്ലേസ്റ്റോറിൽ ഔദ്യോഗികമായി തിരിച്ചെത്തുന്നതിന് മുൻപേ തന്നെ ചില ഉപയോക്താക്കൾക്ക് ടെലിഗ്രാം സേവനം ലഭ്യമായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഇന്നലെ രാവിലെ 10 മണിവരെ ആപ്പ് തിരിച്ചെത്തിയിട്ടില്ലെന്നാണ് വിവരം.
ജൂൺ 22 വരെ ടെലിഗ്രാമിന് സർക്കാർ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നുവെങ്കിലും, ഈ ഉത്തരവിന്റെ കാലാവധി നീട്ടുകയോ പുതുക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ ചോദ്യപേപ്പറുകളുടെ പ്രചാരണം തടയുന്നതിൽ പരാജയപ്പെട്ടതും തെറ്റായ വിവരങ്ങൾ വ്യാപകമായതും പരിഗണിച്ചാണ് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. നീറ്റ് പുനഃപരീക്ഷ സുരക്ഷിതമായി നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്നാണ് വിശദീകരണം. നിരോധനത്തിന് മുമ്പായി ജൂൺ 3ന് സർക്കാർ ഉദ്യോഗസ്ഥർ ടെലിഗ്രാം പ്രതിനിധികളുമായി ചർച്ച നടത്തി ആശങ്കകൾ അറിയിച്ചിരുന്നു.
തുടർന്ന് ആപ്പും അതിന്റെ വെബ് പതിപ്പും ഉൾപ്പെടെ ജൂൺ 22 വരെ ബ്ലോക്ക് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കൂടാതെ ജൂൺ 30 വരെ മെസേജ് എഡിറ്റിങ് ഫീച്ചർ താൽക്കാലികമായി നിയന്ത്രിക്കാനും നിർദ്ദേശം നൽകിയിരുന്നു. ജൂൺ 21-നാണ് നീറ്റ് പുനഃപരീക്ഷ നടന്നത്. ഇതുവരെ പരീക്ഷയുമായി ബന്ധപ്പെട്ട പുതിയ ക്രമക്കേടുകളോ തട്ടിപ്പുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.






