
കോട്ടയം: കള്ളുഷാപ്പാണോ എന്നു ചോദിച്ചാല്‍ ഷാപ്പാണ്, ഹോട്ടലാണോ എന്നാണ് ചോദ്യമെങ്കില്‍ ഹോട്ടലുകളിലേതിനേക്കാള്‍ ഭക്ഷണ വൈവിധ്യമുണ്ട്.... പക്ഷേ രണ്ടും വില്‍ക്കുന്നത് കൃത്യമായ സുരക്ഷാ, ശുചിത്വ മാനദണ്ഡമില്ലാതെ. ഷാപ്പില്‍ നിന്നു കള്ളും കുടിച്ച് ഭക്ഷണവും കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തിനു പിന്നാലെ പടിഞ്ഞാറന്‍ മേഖലയിലെ ഭക്ഷണ പ്രശസ്തമായ കള്ളുഷാപ്പുകളെ സംബന്ധിച്ച് ആശങ്ക ഉയരുന്നു.
നവമാധ്യമങ്ങളിലടക്കം വൈറലായ ഇവിടങ്ങളിലേക്ക് ഭക്ഷണ പ്രേമികളുടെ കുത്തൊഴുക്കും പതിവാണ്. കുമരകം, ആര്‍പ്പൂക്കര, അയ്മനം, കല്ലറ പഞ്ചായത്തുകളിലാണ് ഇത്തരം ഷാപ്പുകളിലേറെയും. കള്ളിനേക്കാള്‍ ഷാപ്പിലെ ഭക്ഷണത്തിനാണ് ആരാധകരേറെ. ഇന്നലെ ഭക്ഷ്യ വിഷബാധയുണ്ടായെന്നു പറയുന്ന പരിപ്പ് തൊള്ളായിരം അടക്കമുള്ള ഷാപ്പുകളിലും സ്ത്രീകളും കുട്ടികളുമടക്കം കുടുംബസമേതം ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ എണ്ണവുമേറെയാണ്.
വിദേശത്തു നിന്നുള്‍പ്പെടെ ഇവിടേയ്ക്ക് ആളുകള്‍ എത്താറുണ്ട്. മീന്‍ വൈവിധ്യങ്ങളാണ് ഈ ഷാപ്പുകളിലെയയെല്ലാം പ്രധാന ആകര്‍ഷണം. മീന്‍ തലക്കറി, മീന്‍ കറിവച്ചത്, വറുത്തത്, കരിമീന്‍ മപ്പാസ്, കായല്‍ മീനുകളുടെ വൈവിധ്യങ്ങള്‍ എന്നിവയ്ക്ക് ആരാധകര്‍ ഏറെ.മിക്ക ഷാപ്പുകളിലും ഹോട്ടലുകളിലേതിനു സമാനമായ ശുചിത്വ അന്തരീക്ഷമില്ലെന്ന് ആക്ഷേപമുണ്ട്. മീനും താറാവുമൊക്കെ മതിയായി ശുചിയാക്കാതെ പാചകം ചെയ്യുന്നത് പലപ്പോഴും തിരിച്ചടിയാകാറുണ്ട്. വാങ്ങി ദിവസങ്ങളോളം സൂക്ഷിച്ച ശേഷം മീന്‍ പാകം ചെയ്യുന്നതും അപകടങ്ങളിലേക്കു നയിക്കാറുണ്ട്.
ഹോട്ടലുകളില്‍ കൃത്യമായ ഇടവേളകളില്‍ എത്തുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷാപ്പുകളിലെ അടുക്കളകളില്‍ പതിവായി എത്താറുമില്ല.മസാലകളുടെ വൈവിധ്യവും ഫ്രഷ് എന്ന തോന്നലുമാണ് ഷാപ്പ് ഭക്ഷണത്തിലേക്ക് കൂടുതല്‍ പേരും ആകര്‍ഷിക്കപ്പെടാനുള്ള കാരണം. ഹോട്ടലുകളില്‍ ലഭിക്കാത്തതും എന്നാല്‍, രുചികരവുമായ പല ഇനങ്ങളും ഷാപ്പുകളില്‍ ലഭ്യമാകുകയും ചെയ്യും. പാകംചെയ്ത ശേഷം മിച്ചം വരുന്ന ഭക്ഷണം കൃത്യമായ മാനദണ്ഡങ്ങളില്ലാതെ സൂക്ഷിക്കുന്നതും തിരിച്ചടിയാകാറുണ്ട്.






