
ചെന്നൈ: തമിഴ്‌നാട് നിയമസഭയിലെ തന്റെ ആദ്യ ഔദ്യോഗിക പ്രസംഗത്തിൽ, വിമർശകർക്ക് ശക്തമായ മറുപടി നൽകി മുഖ്യമന്ത്രി ജോസഫ് വിജയ്. തന്റെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) എല്ലാവിധ ഗൂഢാലോചനകളെയും മറികടന്നാണ് ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വിജയം വരിച്ചതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഹൃദയത്തിൽ ഒരിടം നേടിയെടുക്കാൻ ഞങ്ങൾ എത്രത്തോളം പോരാടിയെന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ. എന്നാൽ ഇതൊക്കെ മനസ്സിലായിട്ടും ചിലർ ഒന്നും അറിയാത്തതുപോലെ അഭിനയിച്ച് ഞങ്ങളെ വിമർശിച്ചു. “അവൻ വെറുമൊരു നടനാണ്, ഇതൊരു സിനിമാക്കാരന്റെ പാർട്ടി മാത്രമാണ്” എന്നായിരുന്നു പരിഹസിച്ചതെന്ന് വിജയ് സഭയിൽ പറഞ്ഞു.
എല്ലാ പ്രതിബന്ധങ്ങളെയും തകർത്തെറിഞ്ഞാണ് തങ്ങൾ ജനവിധി നേടിയതെന്നും തങ്ങളെ നിസ്സാരക്കാരായി കണ്ടവർക്കുള്ള മറുപടിയാണ് ഈ ഭരണമാറ്റമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിനിമാ താരത്തിന്റെ പാർട്ടി വലിയ ചലനങ്ങൾ ഉണ്ടാക്കില്ലെന്നാണ് പരക്കെ കരുതിയിരുന്നത്. എന്നാൽ എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് 234 അംഗ നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടിവികെ മാറി. തുടർന്ന് തമിഴ്‌നാട് രാഷ്ട്രീയം ഒരു സിനിമാക്കഥയെ വെല്ലുന്ന ത്രില്ലർ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മുൻപ് ഭരണത്തിലുണ്ടായിരുന്ന ഡി.എം.കെ സഖ്യത്തിൽ നിന്ന് കോൺഗ്രസും മറ്റ് ചെറുകക്ഷികളും വിജയ്‌യുടെ പക്ഷത്തേക്ക് മാറി. പിന്നാലെ എഐഎഡിഎം.കെയിലെ വിമത നേതാക്കളും പിന്തുണ പ്രഖ്യാപിച്ചതോടെ, നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി കസേരയിലെത്തുകയായിരുന്നു.






