
ഫിലാഡെല്‍ഫിയ (യു.എസ്.എ.): ഇറാഖിനെ ഏകപക്ഷീയമായ മുന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മുന്‍ ചാമ്പ്യന്‍ ഫ്രാന്‍സ് ഫുട്ബോള്‍ ലോകകപ്പിന്റെ നോക്കൗട്ടില്‍ കടന്നു. ഐ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നോര്‍വേ 3-2 നു സെനഗലിനെ തോല്‍പ്പിച്ചും നോക്കൗട്ട് ഉറപ്പാക്കി.
ഫ്രാന്‍സിനും നോര്‍വേയ്ക്കും ആറ് പോയിന്റ് വീതമാണ്. മികച്ച ഗോള്‍ ശരാശരിയുള്ള ഫ്രാന്‍സ് ഒന്നാമതായി. രണ്ട് കളികളും തോറ്റ സെനഗലും ഇറാഖും ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിക്കുന്നതോടെ നാട്ടിലേക്കു മടങ്ങും. ജെ ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കു തോല്‍പ്പിച്ച നിലവിലെ ചാമ്പ്യന്‍ അര്‍ജന്റീനയും നോക്കൗട്ട് ഉറപ്പാക്കി. സൂപ്പര്‍ താരം ലയണല്‍ മെസിയാണ് രണ്ട് ഗോളുകളുമടിച്ചത്. ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകള്‍ എന്ന റെക്കോഡും മെസി തിരുത്തിയെഴുതി.
ആറ് ലോകകപ്പുകളിലായി സൂപ്പര്‍ താരം ഇതുവരെ 18 ഗോളുകളടിച്ചു. ഓസ്ട്രിയയ്ക്കെതിരേ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ ലഭിച്ച പെനാല്‍റ്റി മെസി പാഴാക്കിയിരുന്നു. മെസിയുടെ സ്പോട്ട് കിക്ക് പോസ്റ്റിനു പുറത്തേക്കായിരുന്നു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റികള്‍ പാഴാക്കിയ താരവും മെസിയാണ്. മൂന്നു പെനാല്‍റ്റികളാണ് ഇതുവരെ പാഴാക്കിയത്. 2018, 2022 ലോകകപ്പുകളിലും മെസി കിക്കുകള്‍ പാഴാക്കി. ഘാനയുടെ അസമോവ ഗ്യാന്‍ (2006, 2010) കിക്കുകള്‍ പാഴാക്കിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായി. ഇറാഖിനെതിരേ നടന്ന ഐ ഗ്രൂപ്പ് മത്സരത്തില്‍ ഫ്രാന്‍സിനായി കിലിയന്‍ എംബാപ്പെ ഇരട്ട ഗോളുകളടിച്ചു. ഒസുമാനെ ഡെംബലെയാണ് ഒരു ഗോളടിച്ചത്. ലോകകപ്പില്‍ എംബാപ്പെയുടെ ഗോള്‍ നേട്ടം 16 ലെത്തി. ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരം കനത്ത മഴയും ശക്തമായ ഇടിമിന്നലും കാരണം രണ്ടു മണിക്കൂര്‍ തടസപ്പെട്ടു. ഒന്നാം പകുതിക്കു ശേഷം നിര്‍ത്തിവച്ചു.
ആദ്യമായാണ് ലോകകപ്പില്‍ മോശം കാലാവസ്ഥ കാരണം ഒരു മത്സരം തടസപ്പെടുന്നത്. പ്രാദേശിക സമയം വൈകിട്ട് അഞ്ചിനാണു മത്സരം ആരംഭിച്ചത്. കളി അരമണിക്കൂറായപ്പോഴേക്കും കനത്ത മഴ തുടങ്ങി. കളി നിര്‍ത്തിവെക്കുമ്പോള്‍ ഫ്രാന്‍സ് ഒരു ഗോളിന് മുന്നിലായിരുന്നു. ഇടിമിന്നല്‍ സാധ്യത കണക്കിലെടുത്ത് രണ്ടാം പകുതി വൈകുമെന്നും കാണികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും സംഘാടകര്‍ നിര്‍ദേശിച്ചിരുന്നു. സെനഗലിനെതിരേ ന്യൂജഴ്സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ഏര്‍ലിങ് ഹാളണ്ട് ഇരട്ട ഗോളടിച്ചു. മാര്‍കസ് ഹോല്ഗ്രന് പെഡേഴ്സണ് ഒരു ഗോളടിച്ചു. ഇസ്മാലിയ സാറാണ് സെനഗലിന്റെ രണ്ട് ഗോളുകളുമടിച്ചത്.






