
ഈ ഫുട്ബോള്‍ ലോകകപ്പില്‍ ഇന്നലെ മാത്രം പിറന്നത് ഒരു പിടി റെക്കോഡുകള്‍. അര്‍ജന്റീയുടെ ലയണല്‍ മെസിയും ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയും നോര്‍വേയുടെ ഏര്‍ലിങ് ഹാളണ്ടും ഒരേ ദിവസം ഇരട്ട ഗോളടിച്ചതാണ് ഏറ്റവും വലിയ സവിശേഷത.
അര്‍ജന്റീന ഓസ്ട്രിയയെ 2-0 ത്തിനും ഫ്രാന്‍സ് ഇറാഖിനെ 3-0 ത്തിനും തോല്‍പ്പിച്ചു. ഏര്‍ലിങ് ഹാളണ്ടിന്റെ നോര്‍വേ സെനഗലിനെ 3-2 നാണു തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ അള്‍ജീരിയ ജോര്‍ദാനെ 2-1 നു തോല്‍പ്പിച്ചു.
ഓസ്ട്രിയയ്ക്കെതിരേ ഇരട്ട ഗോളടിച്ചതോടെ ലയണല്‍ മെസി ലോകകപ്പിലെ എക്കാലത്തെയും ടോപ് സ്കോററായി. മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പമായിരുന്ന (16) മെസിക്കിപ്പോള്‍ 18 ഗോളുകളായി. ബ്രസീലിന്റെ വനിതാ ഇതിഹാസം മാര്‍ത്തയുടെ റെക്കോഡിനെയും (17) ഇരട്ട ഗോളടിയോടെ മെസി മറികടന്നു. മെസി ആദ്യമായാണ് പെനാല്‍റ്റി നഷ്ടപ്പെടുത്തിയിട്ടും ഗോളടിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ പോളണ്ടിനെതിരേ മെസി കിക്ക് പാഴാക്കിയിരുന്നു. അന്ന് മെസിക്ക് വേറെ ഗോളുമടിക്കാനായില്ല. മൂന്ന് ലോകകപ്പുകളില്‍ നാലിലധികം ഗോളടിക്കുന്ന രണ്ടാമത്തെ താരമാണു മെസി. 2014 ലോകകപ്പില്‍ നാല് ഗോളുകളും 2022 ല്‍ ഏഴ് ഗോളുകളുമടിച്ചു. മിറോസ്ലാവ് ക്ലോസെ 2002, 2006 ലോകകപ്പുകളില്‍ അഞ്ച് ഗോളുകള്‍ വീതമടിച്ചു. 2010 ലോകകപ്പില്‍ ക്ലോസെയുടെ വക നാലു ഗോളുകളുമുണ്ടായി. ഒരു ലോകകപ്പില്‍ നാല് ഗോളുകളടിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടത്തില്‍ കാമറൂണിന്റെ റോജര്‍ മില്ല, പോര്‍ചുഗലിന്റെ പെപെ എന്നിവര്‍ക്കൊപ്പമെത്താനും മെസിക്കായി. 38 വര്‍ഷവും 364 ദിവസവും പ്രായമുള്ളപ്പോഴാണു മെസി ഓസ്ട്രിയയ്ക്കെതിരേ ഇരട്ട ഗോളടിച്ചത്. ലോകകപ്പില്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ ഗോളടിക്കുന്ന മൂന്നാമനാണു മെസി. ഫ്രാന്‍സിന്റെ ജസ്റ്റിന് ഫോണ്ടെയ്നും ബ്രസീലിന്റെ ജായ്ര്സിഞ്ഞോയുമാണു മുന്‍ഗാമികള്‍.
ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്ക്ക് ലോകകപ്പില്‍ 16 ഗോളുകളായി. ഇറാഖിനെതിരേ ഗോളടിച്ചതോടെ എംബാപ്പെ ക്ലോസെക്കയ്ക്കൊപ്പമായി. 27 വയസുകാരനായ എംബാപ്പെയ്ക്ക് മെസിയെ മറികടക്കാനുള്ള അവസരമുണ്ട്. മൂന്ന് ലോകകപ്പുകളിലെ മത്സരങ്ങളില്‍ രണ്ടിലധികം ഗോളടിക്കുന്ന നാലാമനാണ് എംബാപ്പെ. സാന്‍ഡോര്‍ കോസിസ്, ഗുലിര്‍മോ സ്റ്റാബിലെ, ലയണല്‍ മെസി എന്നിവരാണു മുന്‍ഗാമികള്‍. ഫ്രഞ്ച് സൂപ്പര്‍ താരത്തിന് ലോകകപ്പിലാകെ അഞ്ച് ഇരട്ട ഗോളുകളും ഒരു ഹാട്രിക്കുമുണ്ട്. അര്‍ജന്റീനയ്ക്കെതിരേ നടന്ന കഴിഞ്ഞ ലോകകപ്പ് ഫൈനലായിരുന്നു ഹാട്രിക്ക്.
ഇറാഖിനെതിരേ കളിക്കാനിറങ്ങിയതോടെ എംബാപ്പെ നൂറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഫ്രാന്‍സിനായി നൂറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പ്രായം കുറഞ്ഞ താരമാണ്. 27 വര്‍ഷവും 184 ദിവസവും പ്രായമുള്ളപ്പോഴാണ് എംബാപ്പെ നുറാം മത്സരം കളിച്ചത്. സെനഗലിനെ തോല്‍പ്പിച്ചതോടെ നോര്‍വേ നോക്കൗട്ട് ഉറപ്പാക്കി. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് നോര്‍വേ നോക്കൗട്ടില്‍ കളിക്കുന്നത്. ആദ്യമായാണ് അവര്‍ ലോകകപ്പില്‍ തുടരെ രണ്ട് മത്സരങ്ങള്‍ ജയിക്കുന്നതും. നോര്‍വേയുടെ തുടര്‍ച്ചയായ 16 മത്സരങ്ങളുടെ ജയത്തുടര്ച്ചയില് ഹാളണ്ടിന്റെ 16 ഗോളുകളുമുണ്ട്. നോര്‍വേയ്ക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന താരവും ഹാളണ്ടാണ് (നാല്). ജോര്‍ദാനെതിരേ ജയിച്ചതോടെ അള്‍ജീരിയയും ചരിത്രത്തില്‍ ഇടംപിടിച്ചു. അള്‍ജീരിയ ആദ്യമായാണു രാജ്യാന്തര ഫുട്ബോളില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷം ജയിച്ചു കയറുന്നത്്.






