
ഹുസ്റ്റണ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഫോമിൽ ഉസ്ബെക്കിസ്ഥാനെ അടിച്ചൊതുക്കി പോർച്ചുഗൽ ശക്തമായി തിരിച്ചെത്തി. ആദ്യ മത്സരത്തിലെ സമനില സമ്മാനിച്ച നിരാശകളെല്ലാം കാറ്റിൽപ്പറത്തി, എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് പറങ്കിപ്പട ഉസ്ബെക്കിസ്ഥാനെ തകർത്തത്. ഇതോടെ ടൂർണമെന്റിന്റെ അടുത്ത റൗണ്ടിലേക്കുള്ള തങ്ങളുടെ സാധ്യതകൾ സജീവമാക്കാനും പോർച്ചുഗലിനായി.
വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനവുമായി മത്സരത്തിൽ ഇരട്ട ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്. കൂടാതെ, തുടർച്ചയായി ആറ് ലോകകപ്പ് ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരൻ എന്ന അപൂർവ നേട്ടവും സിആർ7 സ്വന്തമാക്കി. ഇതോടെ ലോകകപ്പ് വേദിയിൽ ലയണൽ മെസ്സിയുടെ ഗോൾ റെക്കോർഡും താരം മറികടന്നു.
കളിയുടെ മൂന്നാം മിനിറ്റിൽ നുനോ മെൻഡിസ് നൽകിയ മികച്ചൊരു അവസരം റൊണാൾഡോയ്ക്ക് ഗോളാക്കി മാറ്റാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആറാം മിനിറ്റിൽ ജാവോ കാൻസെലോ നൽകിയ പാസ് കൃത്യമായി വലയിലെത്തിച്ച് റൊണാൾഡോ പോർച്ചുഗലിന് ആദ്യ ലീഡ് സമ്മാനിച്ചു. 17-ാം മിനിറ്റിൽ നുനോ മെൻഡിസ് ഉതിർത്ത തകർപ്പൻ ഫ്രീ കിക്ക് വലയിൽ കയറിയതോടെ പോർച്ചുഗൽ ലീഡ് രണ്ടാക്കി വർദ്ധിപ്പിച്ചു.
മത്സരത്തിനിടയിൽ അസീസ്ജോൺ ഗാനീവിലൂടെ ഉസ്ബെക്കിസ്ഥാൻ ഒരു ഗോൾ മടക്കിയെന്ന് തോന്നിച്ചെങ്കിലും, കാൻസെലോയ്ക്കെതിരെയുള്ള ഫൗൾ കണ്ടെത്തിയതിനെ തുടർന്ന് 'വാർ' പരിശോധനയിലൂടെ ആ ഗോൾ റദ്ദാക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാൻ ആറ് മിനിറ്റ് ഉള്ളപ്പോൾ പ്രതിരോധ കോട്ട തകർത്ത് മുന്നേറിയ റൊണാൾഡോ, ഉസ്ബെക്ക് ഗോൾകീപ്പറെ അനായാസം മറികടന്ന് ടീമിന്റെ മൂന്നാം ഗോളും സ്വന്തമാക്കി.
രണ്ടാം പകുതിയിലും ആക്രമണം തുടർന്ന പോർച്ചുഗലിന് അനുകൂലമായി ലഭിച്ച ഒരു കോർണർ കിക്ക്, റൊണാൾഡോയുടെ സാന്നിധ്യത്തിൽ ഒടുവിൽ ഉസ്ബെക്ക് ഗോൾകീപ്പർ നെമാറ്റോവിന്റെ കൈകളിൽ തട്ടി സെൽഫ് ഗോളായി മാറി (4-0). കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ (87-ാം മിനിറ്റ്) പകരക്കാരനായി ഇറങ്ങിയ റാഫേൽ ലിയാവോ പോർച്ചുഗലിന്റെ അഞ്ചാം ഗോളും തികച്ചു. ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ 3-1 ന് തോൽപ്പിച്ച കൊളംബിയക്കെതിരെയാണ് ശനിയാഴ്ച പോർച്ചുഗലിന്റെ അടുത്ത പോരാട്ടം. ഗ്രൂപ്പിൽ നിർണായകമാകുന്ന ഒരു മത്സരമായിരിക്കുമിത്.






