
മോഹന്‍ലാലുമായുള്ള ബന്ധപ്പെട്ടു നില്‍ക്കുന്ന എന്തു വാര്‍ത്തയും നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മകന്‍ പ്രണവ് അഭിനയരംഗത്തേക്ക് എത്തിയപ്പോള്‍ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ വരവേറ്റത്. അന്നുമുതല്‍ മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് എന്നാണ് എത്തുകയെന്ന ചോദ്യമായിരുന്നു ആരാധകര്‍ക്ക്. ജൂഡ് ആന്റണി ജോസഫിന്റെ സിനിമയിലൂടെ വിസ്മയ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുവെന്ന വാര്‍ത്ത അതുകൊണ്ടു തന്നെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കിടുകയാണ് മോഹന്‍ലാല്‍. ‘തുടക്കം’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ ഒരു പുല്‍മേട്ടിലൂടെ ഒരു നായയ്ക്ക് പിന്നാലെ ഓടുന്ന വിസ്മയയുടെ കഥാപാത്രത്തെ കാണാം. ഒപ്പം ഒരു കുട്ടിയുമുണ്ട്. വിസ്മയയുടെ നിറഞ്ഞ ചിരിയാണ് ഈ പോസ്റ്ററിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ‘‘എല്ലാ യാത്രയും ആരംഭിക്കുന്നത് ഒരു ആദ്യ ചുവടുവെപ്പിലൂടെയാണ്... വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മോഹന്‍ലാല്‍ ചിത്രം പങ്കിട്ടിരിക്കുന്നത്. ഒപ്പം ഓഗസ്റ്റ് 7, 2026 നാണ് സിനിമ ലോകവ്യാപകമായി റിലീസ് ചെയ്യുന്നതെന്നും മോഹന്‍ലാല്‍ കുറിച്ചിട്ടുണ്ട്. പോസ്റ്റര്‍ പങ്കിട്ട് നിമിഷനേരത്തിനുള്ളില്‍ തന്നെയത് വൈറലായി.
ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഫസ്റ്റ്ലുക്ക് പോസ്റ്ററിലും മോഹൻലാലിന്റെ അവ്യക്തമായ ഒരു ചിത്രമുണ്ടായിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് ഒക്ടോബർ മുപ്പതിന് കൊച്ചിയില്‍ വച്ച് നടന്നിരുന്നു. ഒരു കൊച്ചു കുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയില്‍ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. പക്ഷേ ഇപ്പോള്‍ പങ്കുവച്ച പോസ്റ്ററിലൂടെ ‘തുടക്കം’ കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങള്‍ ഒരു കൊച്ചു കുടുംബ ചിത്രം എന്നതിലുപരിയാണെന്നാണ് പ്രേക്ഷകര്‍ കമന്റുകളിലൂടെ കുറിക്കുന്നത്.






