
പത്മശ്രീ പുരസ്‌കാര നേട്ടത്തില്‍ നടന്‍ ആര്‍. മാധവന് അഭിനന്ദനങ്ങള്‍ അറിയിച്ച് ഭാര്യ സരിത ബിര്‍ജെ. പ്രൗഢഗംഭീരമായ പുരസ്‌കാര ചടങ്ങില്‍ നിന്നുളള ഏതാനും ചിത്രങ്ങളും സരിത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. '' എന്റെ പ്രണയത്തിന്, അര്‍ഹതപ്പെട്ട ഈ പത്മശ്രീ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍. നിങ്ങളുടെ അഭിനിവേശവും കഠിനാധ്വാനവും കലയും എണ്ണമറ്റ ഹൃദയങ്ങളെയാണ് സ്പര്‍ശിച്ചത്. ഇന്നും എപ്പോഴും എനിക്ക് നിങ്ങളെക്കുറിച്ച് ഏറെ അഭിമാനമുണ്ട്'', സരിത ബിര്‍ജെ കുറിച്ചു.
രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നാണ് ആര്‍. മാധവന്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഭാര്യ സരിതയും മകന്‍ വേദാന്തും സദസ്സിലുണ്ടായിരുന്നു.
തമിഴ്, ഹിന്ദി സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് ആര്‍. മാധവന്‍. മണിരത്്‌നം സംവിധാനം ചെയ്ത് 2000-ല്‍ പുറത്തിറങ്ങിയ ' അലൈപായുതേ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ' റോക്കട്രി: ദി നമ്പി ഇഫക്റ്റ്' എന്ന സിനിമയിലൂടെ സംവിധാന രംഗത്തും തന്റെ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.






