
രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച മെഗാസ്റ്റാർ മമ്മൂട്ടിക്ക് അഭിനന്ദനങ്ങളുമായി നടൻ റഹ്മാൻ. തന്റെ ഹൃദയം സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും നിറഞ്ഞിരിക്കുന്നു എന്നാണ് റഹ്മാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. വർഷങ്ങളായി സിനിമയ്ക്കും സമൂഹത്തിനും മമ്മൂട്ടി നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്കുള്ള കൃത്യമായ അംഗീകാരമാണ് ഈ പുരസ്കാരമെന്നും റഹ്മാൻ കൂട്ടിച്ചേർത്തു.
"എന്റെ ഹൃദയം സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും നിറഞ്ഞിരിക്കുന്നു. ഇച്ചാക്കയുടെ പ്രചോദനാത്മകമായ യാത്രയും, വർഷങ്ങളായി സിനിമയ്ക്കും സമൂഹത്തിനും അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളും കണ്ടറിഞ്ഞ ഒരാളെന്ന നിലയിൽ, ഈ ബഹുമതി അദ്ദേഹം പൂർണ്ണമായും അർഹിക്കുന്നതാണെന്ന് എനിക്കറിയാം. പത്മഭൂഷൺ പുരസ്കാരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഇച്ചാക്കാ. വരും വർഷങ്ങളിൽ ഇനിയും ഒരുപാട് നാഴികക്കല്ലുകളും അനുഗ്രഹങ്ങളും താങ്കളെ തേടിയെത്തട്ടെ എന്ന് ആശംസിക്കുന്നു. സ്നേഹത്തോടെ, റഹ്മാൻ," താരം കുറിച്ചു.
ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് മമ്മൂട്ടി നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് രാജ്യം അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചത്. ഡൽഹിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്. ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്ത്, മകനും നടനുമായ ദുൽഖർ സൽമാൻ, മകൾ സുറുമി എന്നിവരും എത്തിയിരുന്നു.
രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിനോടും തന്നെ നെഞ്ചിലേറ്റിയ പ്രേക്ഷകരോടും നന്ദി പറഞ്ഞ് മമ്മൂട്ടിയും രംഗത്തെത്തി. മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് അദ്ദേഹം എല്ലാവർക്കും നന്ദി രേഖപ്പെടുത്തിയത്. സിനിമാ സാംസ്കാരിക ലോകത്തുനിന്നും നിരവധി പ്രമുഖരാണ് ഇപ്പോൾ മെഗാസ്റ്റാറിന് ആശംസകളുമായി എത്തുന്നത്.






