
ന്യൂഡൽഹി: ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് പിന്നിൽ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ലക്ഷ്യമാണുള്ളതെന്നും അതിന്റെ അന്തിമ ഉദ്ദേശ്യം സംവരണം അവസാനിപ്പിക്കലാണെന്നും കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പി.ടി.ഐ വിഡിയോസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
സ്ത്രീ സംവരണത്തിന്റെ പേരിൽ മണ്ഡല പുനർനിർണയം നടപ്പാക്കാനാണ് ഭരണകക്ഷി ശ്രമിക്കുന്നതെന്നും തുടർന്ന് സംവരണ സംവിധാനം പൂർണമായും ഒഴിവാക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, സ്ത്രീ സംവരണം നടപ്പാക്കുന്നതിൽ സർക്കാർ ആത്മാർഥത കാണിക്കുന്നുണ്ടെങ്കിൽ 2029ലെ പൊതുതെരഞ്ഞെടുപ്പിൽ തന്നെ ലോക്‌സഭയിലെ നിലവിലെ 543 സീറ്റുകളിൽ നാരീ ശക്തി വന്ദൻ അധിനിയം പ്രാബല്യത്തിൽ വരുത്തണമെന്നും ജയ്റാം രമേശ് ആവശ്യപ്പെട്ടു.






