
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്ന കാര്യത്തിൽ സമ്മർദ്ദത്തിനു വഴങ്ങി മുഖ്യമന്ത്രി വി.ഡി സതീശൻ. വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും വിൽക്കാൻ തീരുമാനിച്ചാൽ ബജറ്റിൽ പറഞ്ഞ നികുതിയായിരിക്കും എന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മുന്നണിയിൽ നിന്നും പ്രതിപക്ഷത്തു നിന്നും മതനേതാക്കളിൽ നിന്നും മദ്യത്തിന്റെ നികുതി കുറയ്ക്കുന്നതിനെതിരെ ശക്തമായ വിമർശനമുയർന്ന സാഹചര്യത്തിലാണ് തീരുമാനം മുന്നണിക്ക് വിട്ടത്.
അതേസമയം, എൽഡിഎഫ് സർക്കാരിന്റ് 2022 ലെ അബ്കാരി നയം, വിദേശമദ്യ ചട്ടഭേദഗതി എന്നിവയുടെ അടിസ്ഥാനത്തിലാണ് നികുതി നിർദേശം വന്നതെന്നാണ് മുഖ്യമന്ത്രി നിലപാടു സ്വീകരിച്ചത്. വിദേശ നിർമ്മിത വിദേശ മദ്യങ്ങൾക്ക് എൽഡിഎഫ് സർക്കാർ ബിയറിനെക്കാൾ നികുതി കുറച്ചു നൽകി. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചപ്പോൾ ‘എന്തു കിട്ടി’ എന്നായിരുന്നു ചോദ്യം. വീര്യം കൂടിയ മദ്യത്തിനു നികുതി കുറച്ചത് ജോണി വാക്കറിന്റെയും ഷിവാസ് റീഗലിന്റെയും പക്കൽ നിന്ന് വല്ലതും വാങ്ങിയിട്ടാണോ എന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു.
വ്യാപക സ്വകാര്യവൽക്കരണം നടത്തുന്നു എന്ന പ്രതിപക്ഷ പ്രചാരണം തെറ്റാണ്. സ്വകാര്യ വൽക്കരണം എന്ന വാക്ക് ബജറ്റിൽ ഇല്ല. കരിമണൽ ഖനനം സ്വകാര്യവൽക്കരണമല്ല. കേന്ദ്രവുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ്. സ്വകാര്യ പങ്കാളിത്തം ഉണ്ടാകുമെങ്കിലും പൂർണമായി ആയിരിക്കില്ല. സ്വകാര്യ നിക്ഷേപം ആകർഷിക്കും എന്നാണ് ബജറ്റിൽ പറഞ്ഞിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.






