
കൊട്ടാരക്കര: സോളാർ പീഡനക്കേസ് പരാതിക്കാരി ജയിലിൽ വച്ച് എഴുതിയ പരാതി കത്ത് അന്നത്തെ അട്ടക്കുളങ്ങര വനിതാ ജയിൽ സൂപ്രണ്ട് എ.നസീറാ ബീവി തിരിച്ചറിഞ്ഞു. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഇ.ആർ.അർജുൻരാജ് മുൻപാകെ കഴിഞ്ഞ ദിവസം ഹാജരായാണ് കത്ത് തിരിച്ചറിഞ്ഞത്. യുഡിഎഫ് നേതാക്കൾ ആരും തന്നെ പീഡിപ്പിച്ചില്ലെന്നു കാട്ടി സോളർ പീഡനക്കേസ് പരാതിക്കാരി എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി മുൻപാകെ നൽകിയ പരാതി കത്താണ് തിരിച്ചറിഞ്ഞത്.
എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നിർദേശ പ്രകാരം സോളർ പീഡനക്കേസ് അതിജീവിത അട്ടക്കുളങ്ങര ജയിലിൽ വച്ച് പരാതി എഴുതിയത് നസീറാബീവിയുടെ സാന്നിധ്യത്തിലായിരുന്നു. ഈ കത്തിൽ സാക്ഷിയായി ഒപ്പിട്ടതും നസീറബീവി ആയിരുന്നു. തന്റെ പേരു ചേർത്ത് പല രാഷ്ട്രീയനേതാക്കളുടെയും മന്ത്രിമാരുടെയും കഥകൾ പലരും മെനയുന്നതായും ആ കഥകളും വാർത്തകളും എല്ലാം തന്നെ വാസ്തവവിരുദ്ധമാണെന്ന് ബഹുമാനപ്പെട്ട കോടതിയെ ബോധിപ്പിക്കുന്നതായും കത്തിൽ പറഞ്ഞിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിൽ നിരപരാധിയാണെന്നും ബിജു രാധാകൃഷ്ണനും ശാലുമേനോനുമാണ് അതിനു പിന്നിൽ എന്നും പരാതിക്കാരി പറഞ്ഞിട്ടുണ്ട്.
പരാതിക്കാരി സോളാർ അന്വേഷണ കമ്മീഷനു മുന്നിൽ കത്ത് ഹാജരാക്കിയപ്പോൾ നാല് പേജ് കൂട്ടിച്ചേർത്തു എന്നും അതിനു പിന്നിൽ ഗൂഢാലോചന ഉണ്ട് എന്നും ചൂണ്ടിക്കാട്ടി അഡ്വ. സുധീർ ജേക്കബ് ഫയൽ ചെയ്ത കേസിലാണ് നടപടികൾ. കേസ് അടുത്ത മാസം 15 ന് വീണ്ടും പരിഗണിക്കും. 21 പേജുള്ള കത്ത് കമ്മീഷനു മുന്നിൽ 25 പേജായി ആണ് സമർപ്പിച്ചിരുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.പി. അനിൽ കുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, കെ.സി. വേണുഗോപാൽ തുടങ്ങിയ കോൺഗ്രസ് നേതാക്കളും കെ.ബി. ഗണേഷ് കുമാറും ആരോപണ നിഴലിലായിരുന്നു. തുടർന്ന് 2021-ൽ കേസ് സിബിഐക്ക് കൈമാറി. അന്വേഷണ ഏജൻസി എല്ലാ നേതാക്കൾക്കും ക്ലീൻ ചിറ്റ് നൽകിയിരുന്നു. പരാതിക്കാരിക്ക് എതിരെയുള്ള ഗൂഢാലോച കേസാണ് ഇപ്പോൾ പരിഗണിക്കുന്നത്.






