
തന്റെ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളായ ബെല്ലയും ജാസ്മിനും വിട പറഞ്ഞതിന്റെ ദുഃഖം പങ്കുവയ്ക്കുകയാണ് നടി ദിഷ പടാനി. ദിഷയ്ക്ക് ഒരേ സമയത്താണോ രണ്ട് വളര്‍ത്തുമൃഗങ്ങളെയും നഷ്ടപ്പെട്ടതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ബെല്ലയുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ദിഷ തന്റെ വളര്‍ത്തുനായയെ ' ആത്മമിത്രം' എന്നാണ് വിശേഷിപ്പിച്ചത്. തന്റെ ജീവിതത്തിലേക്ക് സ്‌നേഹവും സന്തോഷവും കൊണ്ടുവന്നതിന് താരം ബെല്ലയ്ക്ക് നന്ദി പറഞ്ഞു.'എന്റെ ബെല്ല, ഈ ജീവിതം ഇത്രയും വര്‍ണ്ണാഭമാക്കിയതിന് നന്ദി. ഞങ്ങളുടെ വീട് തിരഞ്ഞെടുത്തതിനും നിന്റെ അമ്മയായി എന്നെ തിരഞ്ഞെടുത്തതിനും നന്ദി. സ്‌നേഹം എന്താണെന്ന് നീയാണ് എന്നെ പഠിപ്പിച്ചത്. നിന്റെ കണ്ണുകള്‍ക്കുള്ളില്‍ ഞാന്‍ ഒരു പ്രപഞ്ചം മുഴുവന്‍ കണ്ടു. ഞാന്‍ നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു, ഈ ലോകത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നതും നിന്നെയാണ്. ലോകത്തിലെ ഏറ്റവും മനോഹരമായ കുഞ്ഞേ, സമാധാനമായി വിശ്രമിക്കൂ, എന്റെ ആത്മമിത്രമേ ബെല്ലൂ, ഞാന്‍ നിന്നോട് കടപ്പെട്ടിരിക്കുന്നു', ദിഷ പടാനി കുറിച്ചു.
തന്റെ പ്രിയപ്പെട്ട വളര്‍ത്തുപൂച്ച ജാസ്മിനൊപ്പമുളള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. രാജകുമാരി എന്നാണ് ഇഷ ജാസ്മിനെ വിശേഷിപ്പിച്ചത്. നീ എപ്പോഴും എന്റെ ഹൃദയത്തില്‍ ജീവിക്കുമെന്നും ദിഷ കുറിച്ചു.
'എന്റെ ജാസ്മിന്‍, ഇന്നുവരെയുള്ളതില്‍ വെച്ച് ഏറ്റവും സ്‌നേഹമുള്ള കുഞ്ഞായിരുന്നതിന് നന്ദി. നിന്റെ അമ്മയാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ കൃതജ്ഞതയുള്ളവളാണ്, നീ എപ്പോഴും എന്റെ രാജകുമാരിയാണ്. നിന്റെ കൈകാലുകള്‍ എന്റെ കൈകളില്‍ തൊടുന്നതും നീ മ്യാവൂ എന്ന് ശബ്ദമുണ്ടാക്കുന്നതും എനിക്ക് ഇന്നുവരെ അനുഭവപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച വികാരമായിരുന്നു, അത് വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു, എന്റെ ജാസു ഞാന്‍ നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു. സമാധാനമായി വിശ്രമിക്കൂ എന്റെ കുഞ്ഞേ. നീ എപ്പോഴും സ്‌നേഹിക്കപ്പെടും, നീ എപ്പോഴും എന്റെ ഹൃദയത്തില്‍ ജീവിക്കും. എന്റെ രാജകുമാരി ജാസ്മിന്‍ .'
ബോളിവുഡിലെ ശ്രദ്ധേയയായ നടിയാണ് ദിഷ പടാനി. 2015-ല്‍ പുറത്തിറങ്ങിയ ' ലോഫര്‍' എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം വെളളിത്തിരയിലേക്ക് എത്തുന്നത്. ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന ' എം.എസ്.ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന സിനിമയിലൂടെയാണ് ദിഷ പടാനി ശ്രദ്ധിക്കപ്പെടുന്നത്.






