
നടന്‍ പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ' ഐ നോബഡി'. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തില്‍ നടന്‍ മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ വൈറലായി മാറുകയാണ്. പൃഥ്വിരാജിനോട് അഞ്ച് ഭാഷകളില്‍ നിന്നും ഇഷ്ടമുളള സിനിമകള്‍ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടതായിരുന്നു അവതാരക. ഹിന്ദിയില്‍ ദീവാറും, തെലുങ്കില്‍ ബാഹുബലി 1 ഉം കന്നഡയില്‍ ഓമും തമിഴില്‍ തേവര്‍ മകനുമാണ് പൃഥിരാജ് തെരഞ്ഞെടുത്ത ചിത്രങ്ങള്‍. മലയാളത്തില്‍ നിന്നും മമ്മൂട്ടി നായകനായ ' ഭൂതകണ്ണാടി' എന്ന ചിത്രമാണ് പൃഥ്വിരാജ് തെരഞ്ഞെടുത്തത്.
''ഞാന്‍ മുമ്പ് പറയാന്‍ വിട്ടു പോയൊരു ചിത്രമാണ്. സിനിമയുടെ പേര് ഭൂതകണ്ണാടി. ലോഹിതദാസ് സാര്‍ സംവിധാനം ചെയ്ത ചിത്രമാണ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണെന്ന് തോന്നുന്നു. ഇന്ത്യന്‍ സിനിമയില്‍ ഒരു നായക നടന്റെ എക്കാലത്തേയും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ആ സിനിമയിലേത്. ആ ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം ഒരു ടെക്സ്റ്റ് ബുക്കാണ്. പറ്റുമെങ്കില്‍ ഇന്ന് തന്നെ കാണണം. അസാധ്യമായ സിനിമ. ഒരു വ്യക്തിയുടെ മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സിനിമ. എന്റമ്മോ! മമ്മൂട്ടിയുടെ അസാധ്യമായ പ്രകടനം'' എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
ലോഹിതാദാസ് രചനയും സംവിധാനവും നിര്‍വഹിച്ച് 1997-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ' ഭൂതക്കണ്ണാടി'. ശ്രീലക്ഷ്മി, സിന്ധു ശ്യാം, റിസബാവ, കലാഭവന്‍ മണി എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍.
അതേസമയം പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ' ഐ നോബഡി'. ചിത്രം ജൂലൈ 9ന് തിയേറ്ററിലെത്തും. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെൻസിന്റെ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.






