
ബോളിവുഡ് താരം കരിഷ്മ കപൂറിന് 51-ാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ ആശംസകളുമായി സഹോദരിയും നടിയുമായ കരീന കപൂർ. കരിഷ്മയുമായുള്ള ആഴമേറിയ ബന്ധം വ്യക്തമാക്കുന്ന വൈകാരികമായ കുറിപ്പും ഇരുവരുടെയും പ്രിയപ്പെട്ട നിമിഷങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയും കരീന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴികാട്ടിയാണ് കരിഷ്മയെന്നാണ് കരീന കുറിച്ചത്.
"സഹോദരി, അമ്മ, സുഹൃത്ത്, തത്ത്വചിന്തക, വഴികാട്ടി എന്നിവരെയെല്ലാമായ എന്റെ പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ... എനിക്കും നമ്മുടെ കുടുംബത്തിനും നമ്മുടെ കുട്ടികൾക്കും... എല്ലാ സന്തോഷങ്ങളും അതിലപ്പുറവും നീ അർഹിക്കുന്നു," കരീന കുറിച്ചു.
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ, കുടുംബസംഗമങ്ങൾ, ഒന്നിച്ച് ഭക്ഷണം കഴിക്കാൻ പോയപ്പോഴുള്ള നിമിഷങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയ വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പ്രമുഖരും കരിഷ്മയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
'രാജാ ഹിന്ദുസ്താനി', 'അന്ദാസ് അപ്നാ അപ്നാ', 'ദിൽ തോ പാഗൽ ഹേ', 'ഹീറോ നമ്പർ 1' തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ തൊണ്ണൂറുകളിൽ ബോളിവുഡ് കീഴടക്കിയ നടിയാണ് കരിഷ്മ കപൂർ. നീണ്ട ഇടവേളയ്ക്ക് ശേഷം 'ബ്രൗൺ' എന്ന സൈക്കോളജിക്കൽ ക്രൈം ത്രില്ലർ സീരീസിലൂടെ താരം അഭിനയരംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. അഭിനയ് ഡിയോ സംവിധാനം ചെയ്ത ഈ സീരീസ് സി5 ലൂടെയാണ് സ്ട്രീം ചെയ്തത്.






