
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യങ്ങൾക്ക് നികുതിയിളവ് പ്രഖ്യാപിച്ച നിലപാടിൽ നിന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പിന്നോട്ടില്ല എന്ന് സൂചന. ജൂലൈ ഒന്നിനു വരുന്ന ധന ബില്ലിൽ ഇത് ഉൾപ്പെടുത്തുമെന്നാണ് വിവരം. അതായത്, ബില്ല് പാസാകുന്നതോടെ പുതിയ നികുതി നിർദേശങ്ങൾ പ്രാബല്യത്തിലാകും. ഇതോടെ പ്രതിപക്ഷം ആരോപിക്കുന്നതു പോലെ ബെക്കാഡി ഉൾപ്പെടെയുള്ള സ്വകാര്യ മദ്യ കമ്പനികൾ ഇളവ് തേടും.
ബജറ്റിനുള്ള മറുപടി പ്രസംഗത്തിലും വി.ഡി സതീശൻ തന്റെ കൃത്യമായ നിലപാടാണ് പറഞ്ഞത്. വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കുകയാണെങ്കിൽ ബജറ്റിൽ പറഞ്ഞിരിക്കുന്ന നികുതിയായിരിക്കും. എന്നാൽ, ഇത്തരം മദ്യം വിൽക്കണോ വേണ്ടയോ എന്ന് യുഡിഎഫ് തീരുമാനിക്കും എന്നായിരുന്നു സഭയിൽ ഉയർന്ന ചൂടുള്ള വാദപ്രതിവാദങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി പറഞ്ഞുവച്ചത്. അതായത്, ഒരിഞ്ചു പോലും പിന്നോട്ടു പോകില്ല എന്ന നിലപാട് വ്യക്തമാക്കി.
മുതിർന്ന കോൺഗ്രസ് നേതാവായ വി.എം സുധീരൻ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷത്തെക്കാളും ശക്തമായിട്ടാണ് നിലപാട് സ്വീകരിച്ചത്. നികുതിയിളവ് പ്രഖ്യാപിച്ച തീരുമാനം പിവലിക്കണമെന്ന് അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടു. പാർട്ടിയുടെ പ്രഖ്യാപിത നയത്തിൽ നിന്നുള്ള വ്യതിചലനമാണിതെന്ന് പാർട്ടിക്കുള്ളിൽ ശക്തമായ വികാരമുണ്ട്. പ്രധാന ഘടകകക്ഷിയായ മുസ്ലീം ലീഗിനും ഇത് അത്ര ദഹിക്കുന്ന തീരുമാനമല്ല. പ്രതിപക്ഷമാവട്ടെ, ഈ നിർദേശങ്ങൾ ആർക്കോ വേണ്ടി തിരുകി കയറ്റിയതാണെന്ന് പറയുന്നു. പിന്നീടവർ സഭയിൽ ബെക്കാഡിയുടെ പേരു പറഞ്ഞുള്ള അധിക്ഷേപവും നടത്തി.
ലഹരിക്കെതിരെ പോരാട്ടം നടക്കുമ്പോൾ ഇത്തരമൊരു വിവാദ നിർദ്ദേശം അതിന്റെ ശോഭകെടുത്തും എന്നുള്ളത് നിശ്ചയമാണ്. ഈ തീരുമാനം നടപ്പാക്കുകയാണെങ്കിൽ അതിന്റെ ‘മെറിറ്റ്’ മുഖ്യമന്ത്രിക്ക് വിശദീകരിക്കേണ്ടിവരും.






