
ന്യൂഡൽഹി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് അഞ്ച് പതിറ്റാണ്ടിലേറെ കഴിഞ്ഞ് ആദ്യമായി അതിനെ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കി എൻ.സി.ഇ.ആർ.ടി. ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള വിശദമായ പരാമർശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും അതിന് നേരിടേണ്ടി വന്ന വെല്ലുവിളികളും വിശദീകരിക്കുന്ന അധ്യായത്തിലാണ് അടിയന്തരാവസ്ഥയെ ഉൾപ്പെടുത്തിയിരിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ നിയന്ത്രിക്കപ്പെട്ടതും ജനാധിപത്യ സ്ഥാപനങ്ങൾ കടുത്ത പരീക്ഷണം നേരിട്ടതുമാണ് പാഠഭാഗത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്.
1970-കളിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പൊതുജനങ്ങൾക്കിടയിൽ അസന്തോഷം വർധിച്ചിരുന്നുവെന്നും, പണപ്പെരുപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ, ഭരണവിരുദ്ധ വിമർശനങ്ങൾ എന്നിവ ശക്തമായ രാഷ്ട്രീയ സാഹചര്യത്തിന് കാരണമായിരുന്നുവെന്നും പാഠപുസ്തകത്തിൽ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് 1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും അതിൽ വിശദീകരിക്കുന്നു.
അടിയന്തരാവസ്ഥയ്‌ക്കെതിരായ ജനാധിപത്യ പ്രക്ഷോഭത്തിൽ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായൺ വഹിച്ച പങ്കും പാഠഭാഗത്തിൽ പ്രതിപാദിക്കുന്നുണ്ട്. 1977-ലെ പൊതുതെരഞ്ഞെടുപ്പിൽ ജനങ്ങൾ ജനാധിപത്യത്തിന്റെ ശക്തി പ്രകടിപ്പിച്ചുവെന്നും, അതിലൂടെ അന്നത്തെ ഭരണകൂടത്തെ അധികാരത്തിൽ നിന്ന് പുറത്താക്കിയെന്നും പുസ്തകത്തിൽ പരാമർശിക്കുന്നു.
ഒൻപതാം ക്ലാസ് പാഠപുസ്തകത്തിൽ അടിയന്തരാവസ്ഥയെ ഉൾപ്പെടുത്തിയ കാര്യം എൻ.സി.ഇ.ആർ.ടി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഈ തീരുമാനത്തെ ബി.ജെ.പി സ്വാഗതം ചെയ്തിട്ടുണ്ട്.






