
കാൻബെറ: മമ്മൂട്ടി തകർപ്പൻ അഭിനയം കാഴ്ചവെച്ച 'ലൗഡ്സ്പീക്കർ' എന്ന സിനിമയും, മൈക്കില്ലാതെ നാട് മുഴുവൻ കേൾക്കാൻ പാകത്തിൽ ഉച്ചത്തിൽ സംസാരിക്കുന്ന 'മൈക്ക് ഫിലിപ്പോസ്' എന്ന കഥാപാത്രത്തെയും മലയാളികൾ ആരും മറക്കാനിടയില്ല. എന്നാൽ, സിനിമയിലെ ‘മൈക്ക് ഒന്നുമല്ല എന്നാണ് ജോസഫ് മക്ഗ്രെയ്‌ൽ തെളിയിക്കുന്നത്. ഇയാൾ മൈക്രോഫോണിന്റെയൊന്നും സഹായമില്ലാതെ അലറിവിളിച്ച് ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ്!
ഓസ്ട്രേലിയയിലെ കാൻബെറ സ്വദേശിയായ ജോസഫ് മക്ഗ്രെയ്ൽ-ബേട്ടപ്പ് എന്ന 58-കാരൻ ഒരൊറ്റ അലർച്ച കൊണ്ടാണ് ഗിന്നസ് ലോക റെക്കോർഡിലേക്ക് 'ചീറിപ്പാഞ്ഞ്' കയറിയത്. പുള്ളിക്കാരൻ ഒച്ചവെച്ചപ്പോൾ റെക്കോർഡ് ചെയ്യപ്പെട്ട ശബ്ദതീവ്രത എത്രയാണെന്നറിയാമോ? 122.4 ഡെസിബെൽ! ഇത് എത്രത്തോളമുണ്ടെന്ന് മനസ്സിലാകാൻ ഒരു എളുപ്പവഴി പറയാം, ഒരു മിലിട്ടറി ജെറ്റ് വിമാനം അതിന്റെ മുഴുവൻ കരുത്തിൽ ടേക്ക്-ഓഫ് ചെയ്യുമ്പോൾ ഉണ്ടാകുന്ന അത്രയും ഭീകരമായ ശബ്ദം!
കാൻബെറയിലെ ഒഫീഷ്യൽ ടൗൺ ക്രയർ (ഔദ്യോഗിക വിളംബരക്കാരൻ) ആയ ജോസഫ്, സാധാരണയായി ഇത്തരം ഒച്ചവെക്കൽ മത്സരങ്ങളിൽ ഉപയോഗിക്കാറുള്ള 'ഒയേസ്' (Oyez) എന്ന വാക്കിന് പകരം, ഏറ്റവും കൂടുതൽ സൗണ്ട് ഔട്ട്പുട്ട് തരുന്ന ഒരു വാക്ക് കണ്ടെത്താൻ മകളോടൊപ്പം മാസങ്ങളോളം റിഹേഴ്സൽ നടത്തി. പഴയ റെക്കോർഡ് ജേതാവ് ഉപയോഗിച്ച 'ക്വയറ്റ്' (Quiet) എന്ന വാക്ക് നോക്കിയെങ്കിലും ഒടുവിൽ അവർ തിരഞ്ഞെടുത്തത് 'നൗ' (NOW) എന്ന വാക്കാണെന്നതാണ് മറ്റൊരു കൗതുകം. കാൻബെറയിലെ ഒരു റേഡിയോ സ്റ്റുഡിയോയിലെ സൗണ്ട് പ്രൂഫ് മുറിയിൽ വെച്ച്, അക്കോസ്റ്റിക് എഞ്ചിനീയർമാരുടെ സാന്നിധ്യത്തിലാണ് ഈ ചരിത്ര നിലവിളി അരങ്ങേറിയത്.
സാധാരണ മനുഷ്യർ സംസാരിക്കുന്നത് 60 ഡിബി-യിലാണ്. എന്നാൽ 120 ഡിബി-ക്ക് മുകളിലുള്ള ശബ്ദം മനുഷ്യന്റെ ചെവിക്ക് വേദനയുണ്ടാക്കുന്ന പരിധിയാണ്. അതായത്, ജോസഫിന്റെ അരികിൽ നിന്ന് ആ ഒച്ച കേട്ടാൽ നമ്മുടെ ചെവി അടിച്ചുപോകുമെന്ന് ചുരുക്കം!






