
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ വ്യാഴാഴ്ച രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയെ ഗവർണർ പൊന്നാട അണിയിച്ച് സ്വീകരിച്ചതായും കൂടിക്കാഴ്ച സൗഹാർദ്ദപരമായ അന്തരീക്ഷത്തിലായിരുന്നുവെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സ്നേഹോപഹാരമായി ഗണപതി വിഗ്രഹവും ഗവർണർ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതിനെ തുടർന്ന് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മുഖ്യമന്ത്രി താമസം മാറിയതിന് പിന്നാലെയായിരുന്നു സന്ദർശനം. ഇരുവരും തമ്മിലുള്ള ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, സർവകലാശാല വൈസ് ചാൻസലർ നിയമനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ തുടരുന്ന അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച ശ്രദ്ധേയമാകുന്നത്.






