
ചെന്നൈ: ‘അണ്ണാച്ചി’ പെണ്ണായിരുന്നോ? ‘മുത്തു മാസ്റ്ററെ’ക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നപ്പോൾ ഗ്രാമീണർ മൂക്കത്ത് വിരൽ വച്ച് ചോദിച്ചത് ഇങ്ങനെയായിരിക്കും. വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ ഭർത്താവ് മരിച്ചു, പിന്നാലെ കയ്യിലൊരു പെൺകുഞ്ഞ്. തനിച്ചായ ഒരു സ്ത്രീക്ക് നേരെ ഈ സമൂഹം എറിഞ്ഞ കൊത്തിവലിക്കുന്ന നോട്ടങ്ങളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാൻ അവൾ കണ്ടെത്തിയ വഴി സ്വന്തം സ്ത്രീത്വം മറച്ചുവെക്കുക എന്നതായിരുന്നു. തമിഴ്നാട്ടിലെ ഒരു ചെറിയ ഗ്രാമത്തിൽ കഴിഞ്ഞ 40 വർഷമായി 'മുത്തു മാസ്റ്റർ' എന്ന പേരിൽ പുരുഷനായി ജീവിച്ച പേച്ചിയമ്മാൾ എന്ന അമ്മ ഇന്ന് വാർത്തകളിൽ നിറയുകയാണ്.
പേച്ചിയമ്മാളുടെ വിവാഹം ഇരുപത് വയസ്സിലായിരുന്നു. എന്നാൽ, വിവാഹത്തിന്റെ പുതുമോടി കഴിയുന്നതിനു മുമ്പേ പതിനഞ്ചാം ദിവസം ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു. വൈകാതെ താൻ ഗർഭിണിയാണെന്ന വിവരം പേച്ചിയമ്മാൾ അറിഞ്ഞു. തനിച്ചായ അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. മകളെ വളർത്താനായി തൂത്തുക്കുടിയിലെ ഒരു കരി ഫാക്ടറിയിൽ ജോലിക്ക് പോകാൻ തുടങ്ങി. അവിടെ വച്ചായിരുന്നു ജീവിതത്തെ മാറ്റിമറിച്ച ആ സംഭവം നടന്നത്. ഒരു ദിവസം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു ട്രക്ക് ഡ്രൈവർ പേച്ചിയമ്മാളെ ബലമായി തടഞ്ഞുനിർത്തി വണ്ടിയിൽ കയറ്റാൻ ശ്രമിച്ചു. അവിടുന്ന് ഒരുവിധത്തിൽ രക്ഷപെട്ടു എങ്കിലും അന്ന് രാത്രി ഭയന്ന് ഉറങ്ങാൻ സാധിച്ചില്ല. അന്നാണ് അവർ ആ തീരുമാനമെടുത്തത്, ഇനി പുരുഷനായി ജീവിക്കും!
അങ്ങനെ അവർ തിരുച്ചെന്തൂർ എന്ന സ്ഥലത്ത് പോയി പുരുഷനായുള്ള ജീവിതം ആരംഭിക്കുകയായിരുന്നു. തല മുണ്ഡനം ചെയ്ത് ഷർട്ടും മുണ്ടും ധരിച്ച പേച്ചിയമ്മാൾ അന്നു മുതൽ ‘മുത്തു’ എന്ന പുരുഷനായി മാറി. തൂത്തുക്കുടിയിൽ ഒരു ഹോട്ടലിൽ ജോലിചെയ്യുമ്പോഴാണ് ‘മുത്തു മാസ്റ്റർ’ എന്ന പേരു ലഭിക്കുന്നത്. പിന്നീട് ചെന്നൈയിലേക്ക് മാറിയ മുത്തു, വർഷങ്ങൾക്ക് ശേഷം മകളെയുമായി തൂത്തുക്കുടിയിലെ കട്ടുനായ്ക്കൻപെട്ടി എന്ന ഗ്രാമത്തിൽ തിരിച്ചെത്തി താമസം തുടങ്ങി. അവിടെയുള്ള ആർക്കും മുത്തുവിന്റെ ഭൂതകാലം അറിയില്ലായിരുന്നു.
സ്വന്തം മകൾക്ക് പോലും തന്റെ അമ്മയുടെ യഥാർത്ഥ രൂപം മനസ്സിലാകുന്നത് ഏഴാം വയസ്സിലാണ്. അതുവരെ ഒരു അമ്മായിയുടെ കൂടെയായിരുന്നു മകൾ വളർന്നത്. പിന്നീട് മുത്തുവിനൊപ്പം താമസമാക്കിയപ്പോഴും, പുറംലോകത്തിന് മുന്നിൽ മകൾ അവളെ 'മുത്തു മാസ്റ്റർ' എന്ന് തന്നെയാണ് വിളിച്ചിരുന്നത്.
പുരുഷൻമാരിൽ നിന്ന് ശല്യമുണ്ടാകാതിരിക്കാൻ ബീഡിവലി വരെ ശീലമാക്കി. എന്നാൽ, ആണായി ജീവിച്ച് ആർത്തവ ദിവസങ്ങളിൽ ജോലിചെയ്യുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു എന്ന് പേച്ചിയമ്മ പറയുന്നു. അന്നൊക്കെ വേദന സഹിച്ചായിരുന്നു അധ്വാനിച്ചിരുന്നത്. എന്നാൽ, അതൊന്നും ‘മുത്തു മാസ്റ്ററെ ഇപ്പോൾ വിഷമിപ്പിക്കുന്നില്ല. മകളെ വിവാഹം കഴിപ്പിച്ച് വിട്ടിട്ടും അവർ പുരുഷ വേഷം ഉപേക്ഷിക്കാൻ തയ്യാറില്ല. അന്ന് ജീവൻ രക്ഷിക്കാൻ കെട്ടിയ വേഷം ഇനി മരണം വരെയും അഴിക്കുന്നില്ല എന്നാണ് പേച്ചിയമ്മയുടെ തീരുമാനം!






