
ഇടുക്കി: അണക്കര ഗവ. ഹൈസ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂര മര്‍ദനമെന്ന് പരാതി. വണ്ടന്മേട് പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശിവകുമാര്‍ എന്ന അധ്യാപകനെതിരേയാണ് ആക്ഷേപം.
സഹപാഠിയെ കളിയാക്കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകന് കുട്ടിയെ ക്ലാസ് മുറിയില്‍ വെച്ച് ക്രൂരമായി ഉപദ്രവിച്ചു. ചൂരല്‍ ഉപയോഗിച്ച് അടിച്ചതിന് പുറമെ, അധ്യാപകന് തന്നെ കരണത്തടിക്കുകയും ചെവിയുടെ പിന്നില്‍ ശക്തമായി പ്രഹരിക്കുകയും ചെയ്തതായി കുട്ടി പറയുന്നു.
നിലത്ത് മുട്ടുകുത്തി നിര്‍ത്തിയ ശേഷം മാതാപിതാക്കളുടെ പേരെടുത്ത് പറഞ്ഞ് പരസ്യമായി ശകാരിച്ചു. മുട്ടുകുത്തി നിന്ന കുട്ടിയുടെ കാലില്‍ ചവിട്ടുകയും, ബലമായി പിന്നിലേക്ക് തള്ളിയിടുകയും ചെയ്തതായും പരാതിയിലുണ്ട്. സംഭവം നടന്ന ദിവസം കുട്ടി സ്കൂളില്‍ വെച്ച് പരാതിപ്പെട്ടിരുന്നില്ല.
വീട്ടിലെത്തി ശരീരത്തിലെ പരിക്കുകള്‍ അമ്മയെ കാണിച്ചതും വിവരം പുറത്തറിയുന്നതും. തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി കുട്ടിയുടെയും മാതാപിതാക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.






