
ന്യൂഡല്‍ഹി: വി.ഡി സതീശന്റെ ഭരണശൈലി ഇരട്ടത്താപ്പുകളാണെന്നും ഭരണം കിട്ടിയപ്പോള്‍ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ വിഴുങ്ങിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. വള്ളംകളി വിവാദം, കരിമണല്‍ ഖനനം, പിഎം ശ്രീ സ്കൂള്‍ പദ്ധതി, വീര്യം കുറഞ്ഞ മദ്യനയം തുടങ്ങി ഒട്ടനവധി വിഷയങ്ങളില്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ സ്വീകരിച്ച നിലപാടല്ല ഇപ്പോള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ സതീശന് കൈക്കൊള്ളുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണം കിട്ടിയതോടെ വി.ഡി സതീശന്റെ യഥാര്‍ത്ഥ മുഖം പുറത്തുവന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്ന് വര്‍ഷത്തിലധികം ചര്‍ച്ച ചെയ്തിട്ടും നടപ്പാക്കാതിരുന്ന കാര്യമാണ് സതീശന് സര്‍ക്കാര്‍ വെറും മൂന്ന് ദിവസം കൊണ്ട് തീര്‍പ്പാക്കിയത്. കോണ്‍ഗ്രസിനുള്ളില്‍ പോലും ആലോചിക്കാതെയാണ് വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്കാന് പുതിയ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്.
വി.എം സുധീരനെപ്പോലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഈ തീരുമാനത്തെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. ഈ ആഭ്യന്തര കലഹങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് മുന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തെ ഒരു കത്ത് ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി ഇപ്പോള്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.
കശുമാങ്ങ പോലെയുള്ള പ്രാദേശിക കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഗോവന്‍ 'ഫെനി' മാതൃകയില്‍ വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുക എന്നതായിരുന്നു എല്‍ഡിഎഫ് നയം. അന്ന് എക്സൈസ് മന്ത്രി എന്ന നിലയില്‍ അതിന്റെ നിയമപരമായ നിര്‍വചനം ചോദിക്കുക മാത്രമാണ് താന്‍ ചെയ്തത്. ഫിനാന്‍സ് ബില്‍ പാസാക്കിയ ശേഷം യുഡിഎഫ് ഇനി എന്ത് ചര്‍ച്ച ചെയ്തിട്ടും കാര്യമില്ലെന്നും പറഞ്ഞു.
പ്രതിപക്ഷത്തിരുന്നപ്പോള്‍ കേന്ദ്ര പദ്ധതിയായ 'പിഎം ശ്രീ'യെ നഖശിഖാന്തം എതിര്‍ത്ത വി.ഡി സതീശന്, അധികാരക്കസേരയില്‍ ഇരുന്നയുടന്‍ നിലപാട് മാറ്റി പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നല്‍കണമെന്ന ആവശ്യത്തില്‍ റെജി ചെറിയാന് മുഖ്യമന്ത്രി നല്കിയ മറുപടിയിലൂടെ സതീശന്റെ ഈ ഇരട്ടത്താപ്പ് കേരള ജനത തിരിച്ചറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






