
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് മുന്‍ ഇടത് സര്‍ക്കാര്‍ നടത്തിയ ഫയല്‍ വിവരങ്ങള്‍ പുറത്ത്. എക്‌സൈസ് മന്ത്രിയായിരുന്നപ്പോള്‍ എം.വി. ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് സമര്‍പ്പിച്ച ഔദ്യോഗിക കുറിപ്പാണ് പുറത്തായത്. വീര്യം കൂടിയ മദ്യത്തോടുള്ള ജനങ്ങളുടെ ആസക്തി ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്ന് കുറിപ്പില്‍ പറയുന്നു.
പൂര്‍ണ്ണമായ മദ്യനിരോധനം പ്രായോഗികമല്ലെന്ന മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ 'മദ്യവര്‍ജ്ജനം' എന്ന ആശയത്തിന് ഊന്നല്‍ നല്‍കുന്നത്. ലഹരിയുടെ ഉപയോഗം പൂര്‍ണ്ണമായി നിരോധിക്കുന്നതിനേക്കാള്‍, ബോധവത്കരണത്തിലൂടെയും വീര്യം കുറഞ്ഞ ബദലുകള്‍ നല്‍കിയും ജനങ്ങളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മദ്യഉപയോഗത്തെക്കുറിച്ച് പഠിച്ച ഉദയഭാനു കമ്മീഷന്റെ പ്രധാന നിര്‍ദേശങ്ങളിലൊന്ന് വീര്യം കൂടിയ മദ്യത്തിന്റെ ലഭ്യത കുറച്ച്, പകരം വീര്യം കുറഞ്ഞവ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു. ഈ ശുപാര്‍ശ മുന്‍നിര്‍ത്തിയാണ് പുതിയ ചട്ട ഭേദഗതികള്‍ക്കായി സര്‍ക്കാര്‍ ഒരുങ്ങിയത്.
സംസ്ഥാനത്ത് നിലവില്‍ വില്‍ക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വീര്യം 42.86% v/v ആണ്. ഇതോടൊപ്പം തന്നെ 20% v/v വരെ വീര്യമുളള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുന്നതാണെന്ന് സര്‍ക്കാര്‍ കരുതുന്നു. 2022-23ലെ മദ്യനയത്തില്‍, 20% v/v വരെയുള്ള വീര്യം കുറഞ്ഞ മദ്യം വിപണനം നടത്തുന്നതിന് അനുമതി നല്‍കുന്നതിന് തീരുമാനം എടുത്തിരുന്നു






