
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും ഇന്ത്യയുടെ വളർച്ചയെയും വാനോളം പ്രശംസിച്ച് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ശക്തമാണെന്നും ഡൊണാൾഡ് ട്രംപ് ഭരണകൂടം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലിയ രീതിയിൽ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റ് ഹൗസിൽ വെച്ച് ഒരു പ്രമുഖ വാർത്താ ഏജൻസിക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
"അമേരിക്കയുടെ ഏറ്റവും അടുത്ത പങ്കാളിയും സഖ്യകക്ഷിയുമാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള വ്യക്തിബന്ധം ഏറ്റവും ദൃഢമാണ്. നയതന്ത്രത്തിൽ ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഞങ്ങൾ പ്രധാനമന്ത്രി മോദിയുടെയും അദ്ദേഹം രാജ്യത്തിനായി ചെയ്ത കാര്യങ്ങളുടെയും വലിയ ആരാധകരാണ്," മാർക്കോ റൂബിയോ അടിവരയിട്ടു പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക നേട്ടങ്ങളെയും ആഗോള തലത്തിലെ സ്വാധീനത്തെയും യുഎസ് വിദേശകാര്യ സെക്രട്ടറി അഭിനന്ദിച്ചു. ഇന്ന് ലോകത്തെ പ്രധാനപ്പെട്ട ഏത് തീരുമാനങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ആഗോള ശക്തിയായി ഇന്ത്യ വളർന്നിരിക്കുകയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും (ഇന്ത്യ) ഏറ്റവും പഴയ ജനാധിപത്യ രാജ്യവും (അമേരിക്ക) തമ്മിലുള്ള ഈ പങ്കാളിത്തം ഇരുരാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വെറും സൗഹൃദത്തിനപ്പുറം വ്യാപാരം, സപ്ലൈ ചെയിൻ, നിർണായക ധാതുക്കൾ, ഊർജ്ജം, സുരക്ഷ, സമുദ്ര സുരക്ഷ എന്നീ മേഖലകളിലേക്ക് കൂടുതൽ ആഴത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം അമേരിക്കയിലെ ഇന്ത്യൻ വ്യവസായ സമൂഹവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അവരെ രാജ്യം ഏറെ ബഹുമാനിക്കുന്നുണ്ടെന്നും മാർക്കോ റൂബിയോ കൂട്ടിച്ചേർത്തു.






