
തിരുവനന്തപുരം: എറണാകുളം–ബംഗളൂരു വന്ദേഭാരത് ട്രെയിനിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നു. നിലവിലെ എട്ട് കോച്ചുകൾ മാറ്റി 16 കോച്ചുകളുള്ള ട്രെയിനാണ് അടുത്ത മാസം ആദ്യ പകുതിയോടെ സർവീസ് ആരംഭിക്കുക.
പുതിയ ക്രമീകരണത്തോടെ യാത്രക്കാരുടെ ശേഷി 530ൽ നിന്ന് 1128 ആയി ഉയരും. ഇതിലൂടെ 598 അധിക സീറ്റുകൾ ലഭ്യമാകുന്നതോടെ ജോലിക്കും പഠനത്തിനുമായി ബംഗളൂരുവിൽ കഴിയുന്ന ആയിരക്കണക്കിന് മലയാളികൾക്ക് ആശ്വാസമാകും.
ബംഗളൂരു–എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് പുറപ്പെട്ടു ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തും. മടക്ക സർവീസ് 2.20ന് പുറപ്പെട്ടു രാത്രി 11ന് ബംഗളൂരുവിൽ എത്തും. ബുധനാഴ്ച സർവീസ് ഉണ്ടായിരിക്കില്ല.






