
രാജ്യത്തെ ലഹരിമരുന്ന് വിൽപ്പനയുടെ പ്രധാന വേദിയായി ടെലിഗ്രാം ആപ്പ് മാറിയെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). എൻസിബിയുടെ വാർഷിക റിപ്പോർട്ടിലാണ് ഈ ഗുരുതര വിലയിരുത്തൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലഹരിമരുന്നുകളുടെ പരസ്യത്തിനും വിൽപ്പനയ്ക്കുമായി ടെലിഗ്രാം വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പൊതുചാനലുകൾ വഴി ലഹരിവസ്തുക്കളുടെ വിവരങ്ങൾ, വില, ഡെലിവറി സൗകര്യങ്ങൾ എന്നിവ പങ്കുവെച്ച് സംഘടിത ശൃംഖല പ്രവർത്തിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇതിനൊപ്പം, മ്യാൻമറിൽ നിന്ന് വടക്കുകിഴക്കൻ അതിർത്തി വഴിയുള്ള വൻതോതിലുള്ള ലഹരിക്കടത്തും രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്ന് എൻസിബി വിലയിരുത്തുന്നു. ഈ കടത്തിന് ചില സായുധ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഹെറോയിനേക്കാൾ ഏകദേശം 500 മടങ്ങ് വീര്യമുള്ള 'നൈറ്റസീൻസ്' (Nitazenes) വിഭാഗത്തിൽപ്പെടുന്ന പുതിയ സിന്തറ്റിക് മയക്കുമരുന്നുകളും രാജ്യത്ത് ഭീഷണിയായി ഉയരുന്നതായി റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ടെലിഗ്രാമിന് മേലുള്ള വിലക്ക് അടുത്തിടെ പിൻവലിച്ചതിന് പിന്നാലെയാണ് എൻസിബിയുടെ ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.






