
മുംബൈ: നിർത്തിയിട്ട കാറിന്റെ ഡ്രൈവർ സീറ്റിൽ ഇരുന്ന് വാഹനം പരിശോധിക്കുന്നതിനിടെ സ്റ്റിയറിങ് വീലിലെ എയർബാഗ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മുംബൈയ്ക്ക് സമീപമുള്ള മീരാറോഡിൽ സെക്കൻഡ് ഹാൻഡ് കാർ ഡീലറായ മോഹിത് സോണിയാണ് മരിച്ചത്.
എയർബാഗ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് അതിന്റെ പ്ലാസ്റ്റിക് കവചം കഴുത്തിൽ മുറുകി രക്തസ്രാവമുണ്ടായതാണ് മരണത്തിനിടയാക്കിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അപകടത്തിന്റെ കാരണം കണ്ടെത്താൻ സാങ്കേതിക വിദഗ്‌ധരുടെ സഹായം തേടിയിട്ടുണ്ട്.






