
കൊല്ലം: മദ്യപിക്കാൻ ഗ്ലാസ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് മർദനത്തിനിരയായ ബേക്കറി ഉടമ ആത്മഹത്യ ചെയ്തു. പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷമാണ് നെടുമൺകാവ് ഗിരീഷ് ഭവനിൽ വാമദേവൻ (74) ജീവനൊടുക്കിയത്.
വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെ മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിലാണ് വാമദേവനെ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
ഈ മാസം 21ന് വൈകിട്ട് ബേക്കറിയിലെത്തിയ അഞ്ചംഗസംഘം വെള്ളം വാങ്ങിയ ശേഷം മദ്യപിക്കാനായി ഗ്ലാസ് ആവശ്യപ്പെട്ടതായാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഗ്ലാസ് നൽകാൻ വിസമ്മതിച്ചതോടെ സംഘം വാമദേവനെ മർദിക്കുകയും കടയിൽ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് ആക്രമിക്കുകയുമായിരുന്നു. നാട്ടുകാർ നോക്കിനിൽക്കെയാണ് മർദനം നടന്നതെന്നും കുറിപ്പിൽ പറയുന്നു.
പരിക്കേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ വാമദേവൻ, പിന്നീട് പലതവണ എഴുകോൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നു. മർദനത്തിൽ ഉണ്ടായ ശാരീരിക വേദനയും നീതി ലഭിക്കാത്തതിലുള്ള നിരാശയുമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും കുറിപ്പിൽ പറയുന്നു.
വാമദേവന്റെ ഭാര്യ രാധയാണ്. മക്കൾ: ഗീതാഞ്ജലി, ഗിരീഷ്. മരുമക്കൾ: ചന്ദ്രൻ, ഷാനി.






